കോതമംഗലം :- ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘.
നമ്മുടെ പല വീടുകളിലും ഇപ്പോൾ പുറത്തിറങ്ങാതെ സ്വന്തം ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ ത്യജിച്ചു ഒതുങ്ങി ജീവിക്കുന്ന പ്രായമായവരുടെ അവസ്ഥ കൊറോണ മഹാമാരി വന്നതിൽ പിന്നെ ഈ വരികളിൽ വിവരിച്ചിരിക്കുന്ന പോലെയല്ലേ എന്ന് ചിന്തിച്ചു പോകുന്നു. സ്വന്തം വീട്ടിലും ബന്ധനസ്തനായ അവസ്ഥ.
അതി രാവിലെ എഴുന്നേറ്റു, ഒറ്റക്കും, സുഹൃത്തുക്കളുമായോ അല്ലെങ്കിൽ ഭാര്യയോടൊത്തോ ഉള്ള പ്രഭാത നടത്തം പലരും ഉപേക്ഷിച്ചു, വീടിനു ചുറ്റുമുള്ള കറങ്ങൽ മാത്രമായി മാറി. നമ്മൾ ‘കാർണവൻമാർ ‘ എന്ന് വിളിക്കുന്ന നമ്മുടെ വീടുകളിലെ പ്രായമുള്ള ഗർജിക്കുന്ന സിംഹങ്ങളായ അപ്പൂപ്പന്മാരും,അമ്മൂമ്മ മാരും അച്ഛന്മാരുമാരുമെല്ലാം കഴിഞ്ഞ മാർച്ചു മാസം വരെ സ്ഥിരമായി ചെയ്തിരുന്ന പലശീലങ്ങളും അതായത് അടുത്തുള്ള ചായപീടികയിലെ ചായകുടി, അവിടെയിരുന്നുള്ള നർമ്മ സംഭാഷങ്ങൾ നാ ൽക്കവലയിലെ സൗഹൃദകൂട്ടം, അടുത്തുള്ള പള്ളികളിലെയും അമ്പലങ്ങളിലെയും സ്ഥിര സന്ദർശനങ്ങൾ, തുടങ്ങി ഇവരുടെ ജീവിതത്തിലിതുവരെ അനുഭവിച്ച സന്തോഷകരമായ പലതും കൊറോണ പേടി കാരണം ഉപേക്ഷിച്ചു വീട്ടിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുന്നു. വിവാഹങ്ങൾ, ചോറൂണ്, എന്തിനു പറയുന്നു ഈ കൊറോണ കാലത്തു വിട്ടു പിരിഞ്ഞു പോയ ഉറ്റവരേയും, ആത്മസുഹൃത്തുക്കളെയും ഒരു നോക്കു കാണാനാകാതെ മരണചടങ്ങിൽ പോലും പങ്കെടുക്കുവാൻ സാധിക്കാത്ത വിഷമത്തിൽ വീട്ടിൽ തന്നെ ഇരിക്കുന്നു.
ലോക്ക്ഡൗണിനു ശേഷം ജീവിക്കാനായി,കുടുംബം പുലർത്താനായി, പണം കണ്ടെത്താനായി, കുറച്ചു പ്രായമുള്ള ആളുകൾ വരുന്നത് വരട്ടെയെന്ന ഭാവത്തിൽ ഇപ്പോഴും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നുണ്ടെങ്കിലും ,പണ്ടത്തെപോലെ സൗഹൃദയ വലയങ്ങൾ ഒന്നുമില്ലാതെ, കവലകളിൽ തങ്ങാതെ, ജോലിക്ക് ശേഷം വേഗം വീടുപിടിക്കുന്നു. വീടുകളിൽ തന്നെ ഒതുങ്ങി കൂടിയ ചിലരുടെ കാര്യമാണ് കഷ്ടം, അലക്കി തേച്ച മുണ്ടുടുത്തും, ദിവസവും താടി വടിച്ചും, മുടി കറുപ്പിച്ചും സമൂഹത്തിൽ കണ്ടിരുന്ന, പ്രായമുള്ളവർ, പല സാമുദായിക രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അമരത്തുണ്ടായിരുന്നവർ എല്ലാ സംഗതികളും ,മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ചു വീടുകളിൽ ഒതുങ്ങി.
ലോക്ക് ഡൌൺ തുടങ്ങിയ ഏപ്രിൽ മാസം ചുരുക്കം ചില വീടുകളിൽ ഒഴികെ മറ്റുള്ളയിടത്തെല്ലാം പ്രായമുള്ളവർ സന്തോഷത്തിലായിരുന്നു. മക്കൾ, കൊച്ചുമക്കൾ എന്നിവർ വീട്ടിൽ തന്നെയിരിക്കുന്നു, പാചകം, ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവയിലെ സിനിമകൾ, കുഞ്ഞു മക്കളോടൊത്തുള്ള കളിചിരികൾ,പുസ്തക വായന തുടങ്ങി ഒരുപാട് സുഖകരമായ കാര്യങ്ങൾ. പിന്നെ ജൂൺ,ജൂലൈ മാസം മുതൽ മക്കൾ ജോലിക്ക് പോയി തുടങ്ങി, കൊച്ചു മക്കൾക്കാകട്ടെ ഓൺലൈൻ ക്ലാസ്സുള്ളതിനാൽ ടെലിവിഷൻ പോലും കാണാൻ പറ്റാത്ത ഒരു വല്ലാത്ത അവസ്ഥ.
കൊറോണ കാരണം ആവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂയെന്ന ഗവണ്മെന്റ് നിർദ്ദേശവും, പുറത്തു പോകരുതെന്ന മക്കളുടെ കർക്കശ നിലപാടും കാരണം മരുന്ന് വാങ്ങുവാൻ പോലും പലരും പുറത്തേക്കിറങ്ങാതായി.മക്കൾ വിദേശത്തും, അകലെയുമുള്ള പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ മരുന്നും മറ്റു സാധന സാമഗ്രികളും വാങ്ങുവാനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി യാണ്. ഇനി എങ്ങാനും കൊറോണ പിടിപെട്ടാൽ അസുഖങ്ങൾ ഉള്ള പ്രായമായവരെ വീട്ടിൽ നിന്നും മറ്റു ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും അവർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അസുഖങ്ങൾ വന്നാൽ പ്രായമുള്ളവർക്ക് ആശുപത്രിയിൽ പോകാൻ ഇപ്പോൾ മടിയാണ്. സ്ഥിരമായി അലട്ടുന്ന ശരീര വേദനക്കും മറ്റും നാട്ടുമരുന്നും, മുറിവെണ്ണയും, കൊട്ടൻ ചുക്കാദി തൈലവും, ബാമുകളും പുരട്ടി ആരോടും പരിഭവിക്കാതെ പലതും മക്കളെ അറിയിക്കാതെ സ്വയം ഒതുങ്ങി ജീവിക്കുന്നു. സ്വന്തം വീടാണെങ്കിലും എത്ര സമയമാണ് ഉറങ്ങിയും,കറങ്ങിയും കഴിയുക. മാനസികമായ പിന്തുണയാണ് അവർക്ക് വേണ്ടത്, ചില പ്രായമുള്ളവർ പ്രകടിപ്പിക്കുന്ന ദേഷ്യം അവരുടെ ഈ അവസ്ഥ യിലെ വിഷമങ്ങളുടെ പ്രതിഫലനം മാത്രമാണെന്ന് മനസിലാക്കുക. കൊറോണ വന്നാൽ ചിലപ്പോൾ മരണം സംഭവിക്കുമെന്ന പേടികൊണ്ടല്ല, പുറത്തിറങ്ങി എങ്ങാനും അസുഖ ബാധിതനായാൽ അവർ മൂലം കുടുംബത്തിനോ, കുഞ്ഞു കുട്ടികൾക്കോ ഒരു അസുഖവും വരരുതെന്ന കരുതലും, മക്കൾ ബുദ്ധിമുട്ടേണ്ടെന്ന വിചാരവുമാണ് ഇവരോരുത്തരെയും വീടുകളിൽ തന്നെയിരിക്കുവാൻ പ്രേരിപ്പിക്കുന്നത്.
നമ്മോളൊരോ മക്കളുടെയും സ്നേഹപൂർണമായ വാക്കോ, സന്തോഷം നിറഞ്ഞ പ്രവൃത്തിക്കളോ മാത്രം മതി അവർക്ക് ഈ കൊറോണ കാലത്തെ വിജയകരമായി അതിജീവിക്കാൻ ….. എന്തിനും നമ്മൾ മക്കൾ കൂടെയുണ്ടെന്ന വിശ്വസം ഒന്ന് മാത്രം മതി അവർക്ക് മുന്നോട്ട് നടക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു മുന്നേറാൻ,
ആശ്വസമേകാൻ.