കോതമംഗലം: സ്നേഹം പ്രവർത്തിപഥത്തിൽ ആകുന്നതാണ് കരുണയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം തങ്കളം എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സീറോ മലബാർ സഭയുടെ ആദ്യആശുപത്രിയായ കോതമംഗലം ധർമ്മഗിരി സെൻ്റ് ജോസഫ് ആശുപത്രി സ്ഥാപകനും,മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് (എംഎസ്ജെ- ധർമ്മഗിരി ) സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവുമായ ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാർഷികത്തിന് ധന്യൻ്റെ കബറിടത്തിങ്കൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാമ്മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.
ദൈവത്തെ നോക്കി സഹോദരന്റെ കരം പിടിക്കാനാണ് നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന കാഴ്ചപ്പാടോടുകൂടി ജീവിക്കാൻ പരിശ്രമിക്കണം. മരിച്ചവരുടെ ഓർമ്മ കൊണ്ടാടുമ്പോഴൊക്കെ അവർ ചെയ്ത കാരുണ്യത്തിന്റെ പ്രവർത്തികൾ സ്മരിക്കപ്പെടുന്നുവെന്നും മാർ റാഫേൽ തട്ടിൽ ഉദ്ബോധിപ്പിച്ചു.
സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. ഡോ.എബ്രഹാം കാവിൽപുരയിടത്തിൽ, കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ.ഡോ.പയസ് മലേകണ്ടത്തിൽ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ.മാത്യു കൊച്ചുപുരയ്ക്കൽ,ഫാ.ബെന്നി ഒക്കാം എന്നിവരും മറ്റ് നാല്പതോളം വൈദികരും സഹകാർമികരായി.
തുടർന്ന് കബറിടത്തിൽ നടന്ന അനുസ്മരണ പ്രാർത്ഥനാ ശുശ്രൂഷയിലും ശ്രാദ്ധസദ്യയിലും വൈദികരും, സന്യസ്ഥരും , ധന്യൻ്റെ കുടുംബാംഗങ്ങളും, വിശ്വാസികളുമടക്കം ആയിരങ്ങൾ പങ്കുചേർന്നു.
നാലുദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ ബിഷപ്പ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് എമിരറ്റസ് മാർ തോമസ് ഇലവനാൽ എന്നിവർ ദിവ്യബലി അർപ്പിച്ചു.കോതമംഗലം രൂപതാ വികാരി ജനറാൾമാരായ മോൺ.ഡോ.വിൻസെന്റ് നെടുങ്ങാട്ട്, മോൺ. കുര്യാക്കോസ് കൊടകല്ലിൽ, രൂപതാ ചാൻസിലർ ഫാ.ഡോ.ജോസ് കുളത്തൂർ, രൂപതാ പ്രൊക്രൂറേറ്റർ ഫാ.ജോസ് പുൽപറമ്പിൽ ,കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ.മാത്യു കൊച്ചുപുരയ്ക്കൽ, നെല്ലിക്കുഴി സെൻ്റ് ജോസഫ് ഇടവക വികാരി .ഫാ.ആന്റണി പുലിമലയിൽ, ധർമ്മഗിരി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ മദർ മെറീന, എം എസ് ജെ കോൺഗ്രിഗഷന്റെ നാല് പ്രോവിൻസുകളുടെ പ്രൊവിൻഷ്യൽ സുപ്പീരിയറ മ്മാരായ സി. അഭയ, സി. ദിവ്യ, സി. ഷീല, സി. നിത്യ ജനറൽ കൗൺസിലേഴ്സ്, ജനറൽ പ്രൊക്കുറേറ്റർ എന്നിവർ നേതൃത്വം നൽകി.
ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് ഇന്നലെ നെല്ലിക്കുഴി സെൻ്റ് ജോസഫ് പള്ളിയിൽ നിന്നും ധന്യകൻ്റ കബറിടം സ്ഥിതി ചെയ്യുന്ന തങ്കളം എം എസ് ജെ (ധർമ്മഗിരി) പ്രെവിൻഷ്യൽ ഹൗസ് ചാപ്പലിലേക്ക് നടന്ന പ്രാർത്ഥനാനിർഭരമായ പദയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.
നാല് ദിവസങ്ങളിലായി നടന്ന ചടത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ധന്യന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥനകൾ അർപ്പിച്ചു.


















































