കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22 വെങ്കലവുമടക്കം 344 പോയിന്റ് നേടിയാണ് കിരീടമണിഞ്ഞത്. സ്കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ കരുത്തും ഉപജില്ലയുടെ കുതിപ്പിന് ഊര്‍ജമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77 പോയിന്റ് കൂടുതല്‍ നേടിയാണ് ഇക്കുറി കിരീടധാരണം. 267 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോയിന്റ് നില.
എന്നാല്‍, 2024ല്‍ നേടിയ 368 പോയിന്റിന്റെ മികവിനൊപ്പമെത്താന്‍ ഇക്കുറി കഴിഞ്ഞില്ല. എങ്കിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ കോതമംഗലത്തിനായി. അങ്കമാലി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 12 സ്വര്‍ണവും 13 വെള്ളിയും 12 വെങ്കലവുമടക്കം 134 പോയിന്റാണ് സമ്പാദ്യം. കഴിഞ്ഞ വര്‍ഷം 217 പോയിന്റുമായി റണ്ണറപ്പായ അങ്കമാലിക്ക് ഇക്കുറി പോയിന്റില്‍ ഇടിവുണ്ടായി. മൂക്കന്നൂര്‍ എസ്എച്ച് ഓര്‍ഫനേജ് സ്കൂളിന്റെ മികവാണ് അങ്കമാലിയുടെ മുന്നേറ്റത്തിന് കരുത്തായത്. പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനം നിലനിര്‍ത്തി. 10 സ്വര്‍ണവും ഏഴ് വെള്ളിയും 16 വെങ്കലവുമടക്കം 102 പോയിന്റാണ് പെരുമ്പാവൂര്‍ നേടിയത്.



















































