തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കെഎംഎല്‍ ഫയല്‍ വഴി പുറത്തുവിട്ട വിശദമായ പ്രൊപോസലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ ആകെ കുട്ടമ്പഴ വില്ലേജ് മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയോളം വിസ്തൃതിയുള്ള കുട്ടമ്പുഴ വില്ലേജിന്റെ ആകെ വിസ്തൃതി 519.28 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ ജനവാസ മേഖലകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, 476.19 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
മണികണ്ഠന്‍ചാല്‍, കല്ലേലിമേട്, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി മുതലായ ജനവാസ മേഖലകളും കുഞ്ചിപ്പാറ, തലവച്ചുപാറ, വാരിയം, തേര, ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഉന്നതികളും അടക്കം മുഴുവന്‍ ജനവാസമേഖലകളുമാണ് ഒഴിവാക്കിയത്. ജൂലൈ 15ന് കേന്ദ്രസംഘം മുഖ്യമന്ത്രി വി.ഡി സതീശന്, വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കേരളത്തിലെ പരിസ്ഥിതി ലോലമേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേന്ദ്രസംഘം റിപ്പോര്‍ട്ട് കൊടുക്കുന്നതിനുമുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ കരഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയാണുണ്ടായത്. ഒരു വില്ലേജിലെ മുഴുവന്‍ ജനങ്ങളെയും ആശങ്കപ്പെടുത്തിയിരുന്ന ഇഎസ്എ വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയെയും, എംഎല്‍എ, എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും, ഫാം അടക്കമുള്ള കര്‍ഷക സംഘടനകളുടെയും ആശങ്കകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് സ്വാഗതാര്‍ഹമാണന്ന് ഫാര്‍മേഴ്സ് അവയര്‍നസ്സ് റിവൈവല്‍ മൂവ്മെന്റ്റ് (ഫാം) ജില്ലാ പ്രസിഡന്റ്റ് റോയി മാളിയേക്കല്‍ പറഞ്ഞു.


















































