കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘവും നാട്ടുകാരും ചേര്‍ന്ന് തുരത്തി. അതേസമയം പ്രദേശത്ത് ദിവസങ്ങളായെത്തുന്ന ഒരു ആനയെ ഓടിക്കാനായിട്ടില്ല. പെരിയാറിന് നടുവിലെ തേക്കിന്‍കാടന്മാരുടെ തുരുത്തിലായിരുന്നു ആനക്കൂട്ടം. ചൊവ്വാഴ്ച രാത്രിയോടെ കാഞ്ഞിരവേലി ഭാഗത്തുനിന്നെത്തിയ മൂന്ന് കൊമ്പന്മാര്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വനപാലകരെ വിവരം അറിയിച്ചത്.
അഞ്ച് ഏക്കറോളം വരുന്ന തുരുത്തിലാണ് ആനകള്‍ തമ്പടിച്ചത്. ഇന്നലെ രാവിലെ നഗരംപാറ, വാളറ സ്റ്റേഷനുകളിലെ വനപാലകരും മൂന്നാര്‍ ആര്‍ആര്‍ടി സംഘവും എത്തി മണിക്കൂറുകളോളം ആനയെ നിരീക്ഷിച്ച ശേഷമാണ് നടപടിയിലേക്ക് കടന്നത്. ജനവാസ മേഖലയ്ക്ക് സമീപത്തായതു കൊണ്ട് ഓടിക്കുന്നതിനിടെ ആന ജനവാസ മേലയിലേക്ക് കടക്കാതിരിക്കാന്‍ മുന്‍കരുതലെടുത്താണ് സംഘം ദൗത്യം തുടങ്ങിയത്. ഒച്ചവച്ച് ബഹളം കൂട്ടിയിട്ടും ആനകള്‍ കൂസലില്ലാതെ നില്‍ക്കുകയായിരുന്നു. 11 ഓടെ പടക്കം പൊട്ടിച്ചപ്പോള്‍ ആനകള്‍ പുഴയിലേക്ക് ഇറങ്ങി. കാഞ്ഞിരവേലി ഭാഗത്തേക്ക് പുഴയിലൂടെ നടക്കാവുന്ന ആഴം കുറഞ്ഞ ഭാഗത്തു കൂടിയാണ് കൊമ്പന്മാര്‍ കാടുകയറിയത്.























































