കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ വീടിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ
സ്വിച്ച് ബോർഡുകൾ തകർത്ത് ഇലക്ട്രിക്ക് വയറുകളും ഇഎൽസിബി സ്വിച്ചും അപഹരിച്ചു. 45 വർഷം പഴക്കമുള്ള വീടിൻ്റെ വയറിങ്ങിനുള്ളിലെ കോപ്പർ വിലപിടിപ്പുള്ളതാണ്.
വീട്ടിലെ താമസക്കാരായ സജിയുടെ മാതാപിതാക്കൾ ചികിത്സാർത്ഥം സഹോദരിയുടെ വീട്ടിലായിരുന്നു. കോതമംഗലം പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ പറഞ്ഞു. സമീപകാലത്ത് കോതമംഗലം ബ്ലോക്ക് ഓഫീസ് പരിസരത്ത് നിർമ്മാണത്തിലിരുന്ന രണ്ട് വീടുകളിൽ നിന്നും ഇലക്ട്രിക് വയറിങ്ങ് അപഹരിക്കപ്പെട്ടിട്ടുണ്ട്.
കീരമ്പാറക്ക് സമീപം ചെങ്കര കല്ലാനിക്കപ്പടിയില് മാപ്പിളകുടിയില്‍ ഏലിയാസിന്റെ വീട്ടിൽ ഇന്നലെ (ശനിയാഴ്ച) പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. തലയും മുഖവും തുണികൊണ്ട് മറച്ച് മതില്‍ചാടി എത്തുന്ന കള്ളന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് ക്യാമറയുടെ സാന്നിദ്ധ്യം മനസിലാക്കിയ കള്ളന് ക്യാമറ തകർത്തു.
വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ കള്ളന് മടങ്ങേണ്ടിവന്നു. വീട്ടുകാര്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ പോയ വീട്ടുകാർ ശനിയാഴ്ച ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരാതി നൽകിയതിനേതുടർന്ന് കോതമംഗലം പോലിസ് കേസ്സെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.























































