കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, പി.എ.എം. ബഷീര്‍, പൊതുപ്രവര്‍ത്തകരായ എ.ടി. പൗലോസ്, മുഹമ്മദ് ഇക്ബാല്‍, എന്‍.സി. ചെറിയാന്, എല്‍ദോസ് ബേബി, ശ്രീജിത്ത് ശിവന് എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂര്‍ ഡി കോതമംഗലം സൈക്ലത്തണ്‍ ശ്രദ്ധേയമായി.
മഴ അനുഭവത്തിനായി കോതമംഗലത്തേക്ക് വരൂ എന്ന പ്രമേയത്തിലാണ് മണ്‍സൂണ്‍ ഫെസ്റ്റ്. എംഎല്‍എയുടെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റിവല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മഴപ്പാട്ട് സന്ധ്യ, ബൈക്ക് റൈഡ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവ്, ഷൂട്ട് ദി റെയിന്‍, ട്രെക്കിംഗ് ട്രയല്‍, മഴനൃത്ത മത്സരം തുടങ്ങി മഴയും പ്രകൃതിയും പ്രമേയമാക്കിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാട്ടുരുചികളുടെ മേളയും നടക്കും.
അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മാമലക്കണ്ടത്തുനിന്ന് ഓഫ് റോഡ് ജീപ്പ് റൈഡ് ആരംഭിക്കും. ആറിന് രാവിലെ ഏഴിന് ഉരുളന്‍തണ്ണിയില്‍ നിന്ന് ട്രെക്കിംഗ് ട്രയല്‍ നടക്കും. എട്ടിന് വൈകുന്നേരം നാലിന് പ്രധാന വേദിയില്‍ മഴനൃത്ത മത്സരം സംഘടിപ്പിക്കും. ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കോതമംഗലം ടൂറിസം സര്‍ക്യൂട്ടിലെ വിവിധ കേന്ദ്രങ്ങളിലൂടെ ബൈക്ക് റൈഡ് നടക്കും.മഴനൃത്ത മത്സരത്തില്‍ കോളജ്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ടീമുകള്‍ക്ക് പങ്കെടുക്കാം. ട്രെക്കിംഗ്, ബൈക്ക് റൈഡ്, സൈക്കിള്‍ റൈഡ് എന്നിവയ്ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനായി 8589995060 ബന്ധപ്പെടണം. സമാപന സമ്മേളനം ഒമ്പതിന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.



















































