കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച റിമോട്ട് കണ്ട്രോള്ഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ബേസില്‍ ജോയ്, കാതലിന് മറിയം പോള്‍, ജോസിയ ജേക്കബ്, എ.എസ് അല്‍ഫാസ് എന്നിവര്‍ ചേര്‍ന്നാണ് ഉപകരണം രൂപകല്‍പ്പന ചെയ്തത്. അസോ. പ്രൊഫസര്‍ ഡോ. തോമസ് ജോര്‍ജിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്. പെട്രോളിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ഗ്രാസ് കട്ടറുകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലും ശബ്ദമലിനീകരണവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ് യന്ത്രം.
മെഷീന്റെ ചലനത്തിനായി 24 വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളും പുല്ലുമുറിക്കുന്നതിന് 20 വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ്ലെസ് മോട്ടോറുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വൈദ്യുതിസംവിധാനങ്ങളും വേര്‍തിരിച്ചു ക്രമീകരിച്ചിരിക്കുന്നത് യന്ത്രത്തിന്റെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നു. വയര്‍ലെസ് റിമോട്ട് കണ്ട്രോള് സംവിധാനത്തിലൂടെ ഉപയോക്താവിന് സുരക്ഷിതമായ അകലത്തില്‍നിന്ന് മെഷീന് നിയന്ത്രിക്കാം. മൈക്രോകണ്ട്രോളര് അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇതുവഴി മനുഷ്യാധ്വാനം കുറയ്ക്കുന്നതിനൊപ്പം അപകടസാധ്യതകളും പരിമിതപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.



















































