കോതമംഗലം: നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രങ്ങളിലൊന്നായ തങ്കളം ജംഗ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. സിഗ്‌നലിന്റെ സ്വിച്ച് ഓണ്‍ കര്‍മം എംഎല്‍എ ഷിബു തെക്കുംപുറം നിര്‍വഹിച്ചു.തങ്കളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ ഷിബു തെക്കുംപുറം പറഞ്ഞു.തങ്കളം ജംഗ്ഷനിലെ വര്‍ധിച്ചുവരുന്ന വാഹനത്തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിനും കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
വാഹനങ്ങളുടെ സഞ്ചാരം വിവിധ ഘട്ടങ്ങളിലായി ക്രമീകരിക്കുന്നതിലൂടെ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും സാധിക്കും. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സുരക്ഷയും ഇതിലൂടെ മെച്ചപ്പെടുത്താനാകും.നഗരവികസനത്തിനൊപ്പം തങ്കളം മേഖലയില്‍ ജനവാസവും വ്യാപാര പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജിജോ, കൗണ്‍സിലര്‍മാരായ സലിം ചെറിയാന്‍, ഷിബു കുര്യാക്കോസ്, മിനി മാത്യു, നെല്ലിക്കുഴി വാര്‍ഡ് മെമ്പര്‍ സത്താര്‍ വട്ടക്കുടി, ട്രാഫിക് എസ്.ഐ. ബിനോയ് കെ.ജി., എ.എസ്.ഐമാരായ ഷിജു കെ വി, സലിം കെ എം , ബിനു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.























































