പെരുമ്പാവൂർ : കാലടി മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളാണിവർ. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവർ മാർക്കറ്റിന് മുമ്പിലെ കടയ്ക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു.
തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചത്. ഡി.വൈ.എസ്.പി ഇ.പി റെജി, ഇൻസ്പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്പെക്ടർ മാരായ പി.വി ദേവസി, ടി.എ.ഡേവിസ്, എ.എസ്.ഐ മാരായ അബ്ദുൽ സത്താർ, ജോഷി തോമസ്, എം.പി ഷിജു എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.