കോതമംഗലം: നേഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു. ദാദ്രാ നഗർ ഹാവോലി ദാമൻ ദിയുവിലെ നമോ ആശുപത്രിയിൽ 1988 മുതൽ അസിസ്റ്റൻ്റ് നഴ്സിംഗ് സൂപ്പർണ്ടായി ജോലി ചെയ്യുകയാണ് ദീപ.
കാൽ നൂറ്റാണ്ടിൻ്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ഗോത്രവർഗ്ഗക്കാർക്കിടയിൽ നടത്തിയ ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനം വിലയിരുത്തപ്പെട്ടു. 2005 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോണിയാ ഗാന്ധിയെ അനുഗമിച്ച കേന്ദ്രമന്ത്രിമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായി ക്രഷ് ലാൻഡിംഗ് നടത്തിയപ്പോൾ പരിക്കേറ്റവർക്ക് അടിയന്തര പരിചരണത്തിന് ദീപ നേതൃത്വം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‌കോർട്ട് സംഘത്തിലെ അഞ്ചു തവണ പങ്കെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ സ്പെഷ്യൽ ഐസിയു ഇൻചാർജ് ആയിരുന്നു. ഈ പ്രവർത്തനങ്ങളുടെയെല്ലാം മികവു പരിഗണിച്ചാണ് നഴ്സിംഗ് എക്സലൻസി അവാർഡ് ആയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ദീപ ബിജുവിന് ലഭിച്ചത്.
മൂന്ന് മലയാളികൾ ഉൾപ്പെടെ 15 പേർക്കാണ് അവർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. കോതമംഗലം പൂയംകുട്ടി പടിഞ്ഞാറേക്കര ബിജു കുരിയൻ്റെ ഭാര്യയായ ദീപ പൂയംകുട്ടി അതിരമ്പുഴയിൽ കുടുംബാംഗമാണ്.
കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ രൂപത വികാരി ജനറാൾ മാരായ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. കുരിയാക്കോസ് കോടക്കല്ലിൽ, ചാൻസിലർ ഫാ. ഡോ. ജോസ് കുളത്തൂർ, രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ, സെൻ്റ്. ജോർജ് ഹൈസ്സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമല, സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




















































