കോതമംഗലം: വടാട്ടുപാറ റോഡിന്റെ മൂന്നാം ഘട്ട നവീകരത്തിന്റെ ഭാഗമായി കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള ഭാഗം 5 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലുള്ള നവീകരണം പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന റോഡ് 5 മീറ്റര്‍ വീതിയില്‍ നിന്നും 7 മീറ്ററായി വര്‍ധിപ്പിച്ച് ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ കോതമംഗലം മുതല്‍ (പെരുമ്പന്‍ കുത്ത് റോഡ്) കീരംപാറ വരെ 6 കിലോമീറ്റര്‍ ഭാഗം 6 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തില്‍ നവീകരണം പൂര്‍ത്തീകരിച്ചിരുന്നു. കോതമംഗലം – വടാട്ടുപാറ റോഡിന്റെ അവസാന റീച്ചില്‍ ഭൂതത്താന്‍കെട്ട് മുതല്‍ വടാട്ടുപാറ പലവന്‍പടി വരെയുള്ള 10.5 കിലോമീറ്റര്‍ റോഡും 5 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള നവീകരണവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തീകരിച്ചിരുന്നു. ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് മുതല്‍
വനമേഖല വരുന്ന പ്രദേശത്ത് ടാറിങ്ങിന് പുറമേ ഇരു വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് വീതിയും വര്‍ധിപ്പിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയിലാണ് സെന്റര്‍ ഭാഗം വരുന്ന കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെ വരുന്ന പ്രദേശവും 5 കോടി രൂപ ചിലവഴിച്ചുള്ള നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഈ റീച്ചില്‍ ബിഎം ആന്റ ബിസി ടാറിംഗും സിഡി വര്‍ക്കുകളും ട്രാഫിക് സേഫ്റ്റിയുടെ ഭാഗമായിട്ടുള്ള വര്‍ക്കുകളും ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ച്ചയിലുള്ള ഐറിഷ് വര്‍ക്കുകളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.കോതമംഗലം മുതല്‍ വടാട്ടുപാറ വരെ വരുന്ന 22 കിലോമീറ്റര്‍ റോഡാണ് മൂന്ന് ഘട്ടങ്ങളിലായി 16 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തില്‍ നവീകരണം പൂര്‍ത്തീകരിച്ചത്. കോതമംഗലം നഗരസഭ, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഭൂതത്താന്‍കെട്ട്, വടാട്ടുപാറ,ഇടമലയാര്‍ അടക്കമുള്ള ടൂറിസം മേഖലയിലേക്കുള്ള പ്രധാന യാത്രാ മാര്‍ഗം കൂടിയാണ്.
കൂടാതെ കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാര്‍ താളുംകണ്ടം ആദിവാസി ഉന്നതിയിലേക്കും പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പൊങ്ങിന്‍ ചുവട് ആദിവാസി ഉന്നതിയിലേക്കും ഉള്ള ഏക യാത്ര മാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസ്തുത റോഡില്‍ ബിഎം ആന്റ് ബിസി ടാറിംഗിന് പുറമേ ആവശ്യമായ ഇടങ്ങളില്‍ എല്ലാം കള്‍വേര്‍ട്ടുകളും, വൈഡനിംഗ്,സംരക്ഷണഭിത്തികള്‍,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും, റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്‌ലക്ടര്‍,സ്റ്റഡ്,സൈന്‍ ബോര്‍ഡുകള്‍,സീബ്രാ ലൈന്‍,റോഡ് മാര്‍ക്കിങ്ങ്,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോതമംഗലം മുതല്‍ വടാട്ടുപാറ വരെയുള്ള റോഡിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ സാധ്യമായതെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.




















































