കോതമംഗലം: ഒരു ചെറു പുഞ്ചിരി മാത്രം മതി,പൊതുവെ ആളുകൾ ഒന്നു ശ്രദ്ധിക്കപെടുവാൻ, ഇപ്പോൾ വഴിയോരങ്ങളിൽ, കവലകളിലെ കടകൾക്ക് മുന്നിലെല്ലാം ചിരിതൂകിയ പോസ്റ്ററുകളിലും , ഫ്ലെക്സ് ബാനറു കളിലുമായി നിറഞ്ഞുനിൽക്കുകയാണ് ഓരോ പ്രദേശങ്ങളിലെയും മഹിളകൾ, ഇത്രക്കും സ്ത്രീജനങ്ങൾ മത്സരിക്കുന്ന ഒരു തദ്ദേശ തിരഞ്ഞെടുപ്പ്, പ്രത്യേകിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തൊന്നും കണ്ടിട്ടേയില്ല. കുടുംബങ്ങളിലും, സുഹൃത്ത് വലയത്തിലും ആയൽപക്കക്കാരോടുമാത്രം സംസാരിച്ചു ശീലിച്ചു പോന്ന വീട്ടമ്മമാരായ പല സ്ത്രീ ജനങ്ങളും യാതൊരു മുഖ പരിചയം പോലുമില്ലാത്ത മറ്റു ആളുകൾക്കിടയിലും വോട്ടഭ്യർത്ഥിച്ചു വാർഡിൽ മുഴുവൻ കറങ്ങുകയായി.
കുടുംബശ്രീ പ്രവർത്തകർ , ആശ വർക്കർമാർ , ടീച്ചർമാർ തുടങ്ങി മുൻകാലങ്ങളിൽ ജയിച്ചവരും, തോറ്റവരുമെല്ലാം പ്രവൃത്തി പരിചയം വച്ചു ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് സ്വന്തം പെട്ടിയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. കോതമംഗലം പട്ടണം മാറ്റിനിർത്തിയാൽ, മാതിരപ്പള്ളി കവല, അമ്പലപ്പടി, പിണ്ടിമന മുത്തംകുഴി കവല, ചേലാട് തുടങ്ങി ഒരുമാതിരി എല്ലാകവലകളിലും ഭൂരിപക്ഷം ബാനറും, പോസ്റ്ററും വനിതകളുടെയാണ്. ചില കവലകളിൽ മഷിയിട്ട് നോക്കിയാൽ പോലും ഒരു പുരുഷ പോസ്റ്റർ കാണ്മാനില്ല.കോതമംഗലം പട്ടണത്തെ അപേക്ഷിച്ചു ഗ്രാമങ്ങളിൽ പല കവലകളും വരുന്ന പ്രദേശം,വനിത, മറ്റു സംവരണ വാർഡുകൾ ആയതിനാലാണ് ഈ ഒരു കാഴ്ചക്കു കാരണം.
പലരുടെയും ഭാര്യമാർ സ്ഥാനാർഥി ആയതോടെ ചില ഭർത്താക്കൻമാർക്ക് ജോലി കൂടി, ഭാര്യമാരെ വാർഡിനെ കുറിച്ച് പഠിപ്പിക്കണം, ചെറു പ്രസംഗം, വോട്ടഭ്യർത്ഥിക്കുന്ന രീതി, ആളുകളുടെ പലവിധ ചോദ്യങ്ങൾ അഭിമുഖികരിക്കുന്ന വഴികൾ തുടങ്ങി പല കാര്യങ്ങളും സ്ഥാനാർഥിയെ പറഞ്ഞു മനസ്സിലാക്കി ഭർത്താക്കന്മാരും, കുട്ടികളും, സ്വന്തക്കാരും തിരക്കോട് തിരക്കാണ്.ഇതിനിടയിൽ പോസ്റ്റർ ഒട്ടിക്കാനും, ജീവിതത്തിൽ ആദ്യമായി മരത്തിലും, മറ്റു വ്യക്തികളുടെ വലിയ മതിലുകളിലും ചാടി കയറി ഫ്ലെക്സ് വച്ച ഭർത്താക്കൻമാർ വരെ വാർഡുകളിലുണ്ട്.
‘മഴയും, വെയിലും കൊണ്ട് കുറച്ചു ഇങ്ങനെ ദിവസങ്ങളായി നിൽക്കുന്നു, പ്രയോജനം ഉണ്ടായാൽ മതിയായിരുന്നു’ എന്ന് സ്വന്തം ഭാര്യയുടെ കവലയിലുള്ള ഫ്ലെക്സ് ബാനർ നോക്കി വിഷമഭാവത്തിൽ പറഞ്ഞ ഒരു ഭർത്താവിനെയും കഴിഞ്ഞ ദിവസം പിണ്ടിമനയിൽ കണ്ടു. ഒരു ഭർത്താവിന്റെ രോദനം….. അല്ലാതെന്തു പറയാൻ. സ്ഥാനാർഥി ആയതിനു ശേഷം സ്വന്തം വീടുകളിൽ വളരെ മനസമാധാനം ഉണ്ടെന്നും , ചെറു കലഹങ്ങൾ എന്തിന് സൗന്ദര്യ പിണക്കങ്ങൾ പോലും പരസ്പരം ഇപ്പോഴില്ലെന്നു ചില ഭർത്താക്കന്മാർ സാക്ഷ്യപ്പെടുത്തുന്നു, അമ്മ വളരെ മാറി, ഒച്ചയെടുക്കലോ, ദേഷ്യമോ ഒന്നുമിപ്പൊഴില്ലെന്നും ചില കുട്ടികൾ പറയുന്നതും കേട്ടു. സ്ഥാനാർഥിയുടെ വീട്ടിലെ പ്രശ്നങ്ങൾ നാട്ടിൽ അറിയാതെ ഒരു നല്ല അഭിപ്രായം നേടിയെടുക്കാൻ ചിലർ സ്വയം ഒതുങ്ങിയതാവാം.ഭാര്യ സ്ഥാനാർഥിയായതിനു ശേഷം മദ്യവും, പുകവലിയും വരെ ഉപേക്ഷിച്ച ചില ഭർത്താക്കന്മാരുമുണ്ട്. ഭാര്യയുടെ ജയസാധ്യത കുറക്കുന്ന കാര്യങ്ങൾ മനഃപൂർവം കുറച്ചിരിക്കുന്നു.
സ്വന്തം ഭാര്യയുടെ ഫ്ലെക്സ് ബാനറിനു സമീപം ഇരുന്നു ചായയും,കടിയും കഴിച്ച ഭർത്താവ്,ചായ വേണോയെന്നു തമാശ രൂപേണ ഭാര്യയോട് ചോദിച്ചതും മറ്റു കുശലാന്വേഷണം നടത്തിയതും കഴിഞ്ഞ ദിവസം ഒരു കവലയിൽ കണ്ടു. ടിന്റു, ബിസ്റ്റി, സിൽഡാ, റിന്റു,തുടങ്ങി പല പുതുമായർന്ന പേരുകളുള്ള ചിലരും, മിനി, ഗ്രേസ്സി, കാഞ്ചന, മായ,അമ്പിളി തുടങ്ങി പരിചിതമായ പല നാമദേയങ്ങളിലുള്ള മഹിളകളും, ബാനറുകളിൽ ചിരിച്ചും, ചെറു ഗൗരവത്തിലുമായി പല ഭാവത്തിൽ നിൽക്കുന്നു.മുൻ വർഷങ്ങളിൽ പുരുഷ കേസരികളുടെ ബാനറുകൾ നിറഞ്ഞു നിന്ന ചില കവലകൾ ഇപ്പോൾ മഹിളകൾക്ക് മാത്രം സ്വന്തം ..
ഇലക്ഷൻ ബാനർ നോക്കി, എത്രയും സുന്ദരമായി ഈ ചേച്ചി ചിരിക്കുമെന്നത് ഇപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായതെന്നു നാട്ടുകാരും, സ്വന്തക്കാരും അടക്കം പറയുന്നതും കേൾക്കാം. എന്തൊക്കയായാലും അവസരങ്ങൾ എപ്പോഴും തേടിവരില്ലയെന്ന സത്യം വനിതകൾ മനസിലാക്കുക,സ്വന്തം താല്പര്യ പ്രകാരവും, വീട്ടുകാരുടെയും, പാർട്ടിക്കാരുടെയും നിർബന്ധപ്രകാരവും സ്ഥാനാർഥിയായ പല വനിതകളും ഇതിനിടയിലുണ്ട്, മത്സരം വളരെ കടുപ്പമാണെന്ന് മനസ്സിലാക്കി, മുന്നോട്ടു പോവുക. നല്ല കഴിവുള്ള, നേതൃപാടവമുള്ള, ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥികളെല്ലാവരും വിജയിക്കട്ടെ, നാടിന്റെ വികസനം അതാകട്ടെ ലക്ഷ്യം.