കോതമംഗലം : കോതമംഗലം താലൂക്ക് കാര്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസായി റവന്യു മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു.ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിലും ജില്ലാ കളക്ടർ ഡോക്ടർ രേണു രാജിന്റെയും സാന്നിധ്യത്തിലും താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പരമാവധി ഒഴിവാക്കുക എന്നതാണ് ഹരിത പ്രോട്ടോക്കോൾ വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്.പതിവ് ഓഫീസ് കാഴ്ചകളിൽ നിന്ന് വിഭിന്നമായി ഓഫീസിനകത്തും പുറത്തും കണ്ണിന് കുളിർമയേകുന്ന നിരവധി ചെടികളാണ് ഇവിടെ വച്ചു പിടിപ്പിച്ചിരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥരുടെയും മേശപ്പുറത്തുള്ള ചെടികൾ അവരവർ തന്നെയാണ് പരിപാലിക്കേണ്ടത്.വലിയ ചെലവുകൾ ഇല്ലാതെ ഇത് ക്രമീകരിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത.ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിലാണ് അധികവും ചെടികൾ നട്ടിരിക്കുന്നത്.
ഹരിത അന്തരീക്ഷം കൊണ്ടു വരുന്നതിലൂടെ ഓഫീസിലെ പതിവ് പിരിമുറുക്കങ്ങൾ ഒഴിവാക്കുകയും അതുവഴി കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ഉദ്ദേശം.ഈ ഉദ്യമം പൂർത്തീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഡെപ്യൂട്ടി തഹസീൽദാർ പി റ്റി ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.താലൂക്ക് തഹസിൽദാർ റേച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.