കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷക്കാലവും നിയമസഭയ്ക്ക് അകത്തും പുറത്തും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയായി രണ്ടുമാസം പിന്നിടുമ്പോഴേക്കും കേരളത്തിൽ 8 പേരാണ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ആൻ്റണി പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി കീരംപാറ പഞ്ചായത്തിൽ രൂക്ഷമായ കാട്ടാന ശല്യം തുടരുകയാണ്. രാത്രിയെന്നൊ പകലെന്നൊ വിത്യാസമില്ലാതെ കാട്ടാന ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുന്നു. ആനകളെ ജനവാസ മേഖലയിൽ നിന്ന് നീക്കുന്നതിന് വനം വകുപ്പ് കാര്യക്ഷമമായി ഇതുവരെ ഇടപെട്ടിട്ടില്ല. ആനശല്യം രൂക്ഷമായ കൃഷ്ണപുരം നഗറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ വീട്ടമ്മമാരും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
പഞ്ചായത്ത് അംഗം ജിജോ ആന്റണി അധ്യക്ഷത വഹിച്ചു. സിപിഎം കീരംപാറ ലോക്കൽ സെക്രട്ടറി എം . എസ് ശശി, പി. എസ് അർജുൻ, സാബു വർഗീസ്, കെ.ഒ കുര്യാക്കോസ്, വി.സി ചാക്കോ, ഇ.പി രഘു, ജോമോൻ കുര്യൻ , മനിൽ തോബ്ര, അൽഫോൻസാ സാജു, മനു മാത്യു എന്നിവർ പ്രസംഗിച്ചു.


















































