കോതമംഗലം: കോതമംഗലത്തിന് അഭിമാന നിമിഷമായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ചരിത്ര വിജയം നേടി ശോഭന സ്കൂൾ വിദ്യാർത്ഥിനി ഹേബാ ലിജു. 500ൽ 499 മാർക്ക് നേടിയാണ് ഈ മിടുക്കി സംസ്ഥാനത്തെയും രാജ്യത്തെയും ശ്രദ്ധ നേടുന്നത്.
500 മാർക്കിൽ 499 മാർക്ക് നേടി ചരിത്ര വിജയം നേടിയ ഹേബായുടെ വിജയം സിബിഎസ്ഇ ഓൾ ഇന്ത്യ തലത്തിലും, സ്കൂളിൻ്റെ നാളിതുവരെയുള്ള ചരിത്രത്തിലും മികച്ചുനിൽക്കുന്നതാണ്.
ശോഭന സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഹേബയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടു. തുടർന്ന് സ്കൂളിലെത്തിയ ഹേബയെ പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.ഹേബയുടെ വിജയം സ്കൂളിനും, കോതമംഗലത്തിനും അഭിമാന നിമിഷമാണെന്നും മറ്റ് കുട്ടികൾക്ക് പ്രചോദനമാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണി പറഞ്ഞു.
ഇത്രയും മാർക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും, അതിയായ സന്തോഷമുണ്ടെന്നും, എഞ്ചിനീയർ ആകണമെന്നാണ് ആഗ്രഹമെന്നും ഹേബ പറഞ്ഞു.


















































