Connect with us

Hi, what are you looking for?

EDITORS CHOICE

‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ’ എന്ന മഹാത്മാജിയുടെ വചനം നെഞ്ചിലേറ്റി കോതമംഗലത്തെ ഗ്രാമങ്ങൾ.

അനൂപ്‌. എം. ശ്രീധരൻ.

കോതമംഗലം :- പൂർണമായ ലോക്ക്ഡൗണിനു ശേഷം ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധികളെ അതിജീവിച്ചും, പ്രതിഷേധങ്ങൾ നടത്തിയ ശേഷവുമാണ് മാനദണ്ഡങ്ങൾക്കനുസരിച്ചു കടകൾ തുറക്കാൻ ഗവണ്മെന്റ് അനുവദിച്ചതും വ്യാപാരം പുനരാരംഭിച്ചതും. തിരിച്ചു വന്ന പ്രവാസികളിൽ പലരും കൂടാതെ ജോലി നഷ്ടപ്പെട്ട മറ്റുള്ളവരെല്ലാം കച്ചവട മേഖലയിലേക്ക് തിരിഞ്ഞപ്പോൾ കോതമംഗലത്തെ ഗ്രാമപ്രദേശങ്ങളിൽ കുറച്ചു മാസങ്ങളായി ചെറിയ കടകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. തന്മൂലം ഉപ്പ് തൊട്ട് കർപ്പൂരം വരെ കോതമംഗലത്തെ ഗ്രാമങ്ങളിൽ സുലഭം.

പച്ചക്കറി, പച്ചമീൻ സ്റ്റാളുകൾ എന്നിവ ഗ്രാമപ്രദേശത്തും ഓരോ അരകിലോമീറ്റർ ചുറ്റളവിലും അടുത്തയിടെ ധാരാളമായി തുറന്നു പ്രവർത്തിക്കുന്നു. ചെറിയ വാനുകളിലും മറ്റും പച്ചക്കറികൾ വീട്ടുമുറ്റത്തെത്തിക്കുന്ന ഒരു കൂട്ടർ പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നു, അവർക്കു പുറമെ ഇപ്പോഴാകട്ടെ റോഡരികിലുള്ള പലവീടുകളുടെ പോർച്ചും,വശങ്ങളും മറ്റു സ്ഥലങ്ങളും അലുമിനിയം ഷീറ്റും ചെറിയ ഇരുമ്പുനെറ്റും ഉപയോഗിച്ച് മറച്ചു ചെറിയ പച്ചക്കറി പലചരക്കു കടകളായി മാറ്റിയിരിക്കുകയാണ്. വീടുകളിലെ അമ്മമാരും മറ്റു സ്ത്രീ ജനങ്ങളും കുടുംബത്തോടൊപ്പം വ്യാപാരത്തിലും ശ്രദ്ധകേന്ദ്രികരിച്ചു തുടങ്ങി.

ചായയും ചെറുകടികളും നൽകുന്ന പെട്ടിക്കടകൾ ധാരാളമായി കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട് , കൊറോണ ഭീഷണി കാരണം,മീൻ കച്ചവടത്തിനു കുറെനാൾ മുമ്പ് വരെ ഇരു ചക്രങ്ങളിൽ വീടുകളിൽ എത്തിയിരുന്ന ‘മീൻകാരൻ ചേട്ടൻ’ എന്ന ഓമനപേരിൽ അറിയപ്പെട്ടവരൊക്കെ വരവ് കുറച്ചതോടെ ഗ്രാമങ്ങളിൽ ഓരോ കവലയിലും, എന്തിനേറെ സ്വന്തം ഓട്ടോറിക്ഷ പോലും മീൻകടയാക്കി പലരും കച്ചവടം തുടങ്ങി. മീൻ കഴുകി നന്നാക്കി ചെറിയ കഷണങ്ങളാക്കി കിട്ടുമെന്നതും, ആവശ്യപെടുന്നതനുസരിച്ചു വീടുകളിൽ എത്തിച്ചു നൽകുമെന്നതും ആളുകൾക്ക് ഉപകാരമായി മാറിയിരിക്കുന്നു.

കോതമംഗലം- നേര്യമംഗലം റോഡരികിൽ ഇപ്പോൾ ഒന്ന് കണ്ണോടിച്ചാൽ വിലകൂടിയ വാഹനങ്ങളിലും, ഓട്ടോറിക്ഷകളിലും തുണിത്തരങ്ങൾ, പലഹാരങ്ങൾ, മാസ്ക്കുകൾ, മുട്ടകൾ തുടങ്ങി ഊണും, ബിരിയാണിയും വരെ കച്ചവടം ചെയ്യുന്ന പ്രവാസ ജീവിതം നയിച്ചവരും, ജോലി നഷ്ടപ്പെട്ട പ്രദേശവാസികളും ധാരാളമായിട്ടുണ്ട്. കൊറോണ ഭീഷണിയിൽ നിന്നും കരകേറി ജീവിക്കാനായി പാടുപെടുന്ന ഒരുപാടുപേർ.ചേലാട്, കുട്ടമ്പുഴ, വാടാട്ടുപാറ വാരപ്പെട്ടി, മുത്തംകുഴി, ചെറുവട്ടൂർ തുടങ്ങി എല്ലാ ഗ്രാമമേഖലയിലും ഇതു തന്നെയാണാവസ്ഥ.

ഒരു അവശ്യ സാധനങ്ങളും വാങ്ങുവാനായി കോതമംഗലം ടൗണിൽ പോകേണ്ട കാര്യം ഇപ്പോൾ ആർക്കുമില്ല.വളം, പെയിന്റ്, സിമന്റ്‌,തേപ്പുകട,ജന സേവ കേന്ദ്രങ്ങൾ തുടങ്ങി എല്ലാവിധ സ്ഥാപനങ്ങളും ഉൾപ്രദേശങ്ങളിൽ പോലും പുതിയതായി തുടങ്ങിയിരിക്കുന്നു. കൊറോണ എല്ലാവിധ മാർഗങ്ങളും അടച്ചപ്പോഴാണ് ആളുകൾക്ക് എളുപ്പം തുടങ്ങാവുന്ന ഒരു ജീവിത മാർഗമായി ചെറുകടകൾ തുറക്കാൻ പലരും തീരുമാനിച്ചത് . ഓരോ ചെറിയ ജംഗ്ഷനിലും ഒരേ പോലത്തെ നാലും അഞ്ചും കടകളായി.

കച്ചവടത്തെകുറിച്ച് ഒരു ധാരണയും ഇല്ലാതെ തുടങ്ങിയ ചിലർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അടച്ചുപൂട്ടി പോയിട്ടുമുണ്ട്. എന്തായാലും കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ എല്ലാവിധ സാധനങ്ങളും വീടിനടുത്തു കിട്ടുന്ന കാലമായി. കൊറോണ പേടി കാരണം ജനങ്ങൾ യാത്രകൾ കുറച്ചത്‌ ചെറുകിട കച്ചവടക്കാർക്ക് ഒരുതരത്തിൽ അനുഗ്രഹമായിട്ടുണ്ട്. ഒരേ തരത്തിലുള്ള കച്ചവടം അടുത്തടുത്തു തുടങ്ങിയതുകൊണ്ടുള്ള കച്ചവട കുറവുമൂലം സുഹൃത്തുക്കളായ പലരും ഇപ്പോൾ ശത്രുക്കളായി മാറിയിട്ടുമുണ്ട്.

പ്രായമുള്ളവർ മാത്രമുള്ള കുടുംബങ്ങളിൽ എല്ലാവിധ അവശ്യസാധനങ്ങളും വീടിനടുത്തു കിട്ടുന്നത് ഈ കൊറോണ കാലത്തു അനുഗ്രഹമാണെങ്കിലും, ഒരു പരിധിയിൽ കൂടുതൽ ഒരേ തരത്തിലുള്ള ബിസിനസ്സുകൾ ഒരു സ്ഥലത്തു വരുന്നത് എല്ലാവരുടെയും കച്ചവടം കുറക്കുകയേയുള്ളു. ഇത് കോതമംഗലത്തെ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, കേരളത്തിൽ ആകമാനം ജനങ്ങൾ ജീവിക്കുവാനായി ഇതുപോലെ പല കച്ചവടങ്ങളുമായി നിരത്തുകളിലും കവലകളിലും ഉണ്ട്. റോഡരിലുള്ള ചില ഭവനങ്ങൾ കടകളായും, വീട്ടിലെ ഭക്ഷണമെന്നു ബോർഡുവച്ച ചെറു ഹോട്ടലുകളായും മാറിക്കഴിഞ്ഞു.

‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്’ എന്ന് മഹാത്മാജി പണ്ട് പറഞ്ഞകാര്യം ഇപ്പോൾ ഓർത്തു പോകുന്നു. കച്ചവട സ്ഥാപനങ്ങൾ രാജ്യത്തെ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ്. ഗ്രാമങ്ങൾ വികസിക്കുകയാണ്. കോതമംഗലത്തെ ചെറിയ ഗ്രാമങ്ങളും, ഉൾപ്രദേശങ്ങളും ചെറുപട്ടണങ്ങളായി മാറുന്ന കാലം വിദൂരമല്ല.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...

error: Content is protected !!