കോതമംഗലം : കഴിഞ്ഞ നാലു വർഷങ്ങളായി കോതമംഗലത്തിന്റെ സമഗ്ര വളർച്ചക്കായി എന്റെ നാട് ജനകീയ കൂട്ടായ്മ നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചു കോതമംഗലം നിവാസികൾക്ക് ബോധ്യമുള്ളതാണല്ലോ. പ്രളയ കാലത്ത് നാടിന് കൈത്താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കാര്യവും എല്ലാവരുടെയും ഓർമയിലുണ്ട്. ലോകം മുഴുവൻ കോവിഡ് എന്ന മാരക വിപത്തിനെതിരെ പോരാടുമ്പോൾ ഈ ജനകീയ കൂട്ടായ്മയും എല്ലാം മറന്ന് സർക്കാരിനൊപ്പം ജന സേവനത്തിൽ മുഴുകിയിരിക്കുകയാണ്. എന്റെ നാട് കോവിഡ് പ്രതിസന്ധി കാലത്ത് നടത്തുന്ന ഇടപെടലുകൾ എല്ലാം തികഞ്ഞ സൂക്ഷ്മതയോടെയും, കരുതലോടെയാണ്.
സാനിറ്റൈസർ ലഭ്യതക്ക് കുറവ് വന്നപ്പോൾ ഈ മേഖലയിലേക്കാവശ്യമായ മികച്ച നിലവാരമുള്ള സാനിറ്റൈസർ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ ഉണ്ടാക്കി ഔദ്യോഗിക മാർഗ നിർദേശങ്ങൾക്കനുസരിച് സൗജന്യമായി മേഖലയിലാകെ വിതരണം ചെയ്തുവരുന്നു. എന്റെ നാട് സൂപ്പർ മാർക്കറ്റിലൂടെ പരമാവധി വിലക്കിഴിവിൽ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്തു. പുറത്തിറങ്ങാൻ പ്രയാസമുള്ളവർക്ക് അത് വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനമുണ്ടാക്കി. അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സൂപ്പർ മാർക്കറ്റിൽ സമയപരിധിക്കുള്ളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നതിനും, അത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ എത്തിക്കുന്നതിനും നിയമ തടസമില്ല. നാടൊട്ടുക്കും ഇത് നടക്കുന്നുണ്ട്. എന്നാൽ എന്റെ നാടിന്റെ സ്വീകാര്യതയിൽ അസ്വസ്ഥരായ ഒരു വിഭാഗം ഭക്ഷ്യകിറ്റുകളുടെയും മരുന്നുകളുടെയും വിതരണം തടഞ്ഞിരിക്കുകയാണ്.
ലോക്ഡൗൺ മൂലം ദുരിതത്തിലായത് തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്തവരാണ്. ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണ് എന്റെ നാട് ഈ ദൗത്യം ഏറ്റെടുത്തത്. ആദിവാസികളും സാമ്പത്തിക പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങളുമുളള കുട്ടമ്പുഴ പഞ്ചായത്തിന് 1000 കിറ്റുകളും കോതമംഗലം മേഖലയിലെ രോഗികളും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്ക് 5000 കിറ്റുകളുടെയും വിതരണമാണ് തടസപ്പെടുത്തിയിരിക്കുന്നത്. എന്ത് വിലകൊടുത്തും എന്റെ നാടിന്റെ പ്രവർത്തനങ്ങൾ തടയാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ചിലർ ശ്രമിക്കുന്നു. ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു. എന്തൊക്കെ സമ്മർദ്ദങ്ങൾ ഉണ്ടായാലും, ആര് തടസപ്പെടുത്തിയാലും ജനങ്ങൾ അഭിലഷിക്കുന്നിടത്തോളം കാലം ജന സേവനത്തിന്റെ മുൻ നിരയിൽ എന്റെ നാടുണ്ടാവും എന്ന് മാത്രമേ ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് പറയാനുള്ളൂ.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഒറ്റുക്കൊടുത്തവരെ കോതമംഗലം തിരിച്ചറിയുക തന്നെ ചെയ്യും. രാഷ്ട്രിയവും, മതവും, സമുദായവും, പ്രദേശവും മറന്ന് ലോകം ഒരൊറ്റ മനസോടെ നീങ്ങുമ്പോഴും സങ്കുചിത മനസോടെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് നീങ്ങുന്നവരെ ജനം തള്ളിക്കളയും. രാഷ്ട്രിയവും, മതവും, സമുദായവും, പ്രദേശവും മറന്ന് ലോകം ഒരൊറ്റ മനസോടെ നീങ്ങുമ്പോഴും സങ്കുചിത മനസോടെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് നീങ്ങുന്നവരെ ജനം തിരിച്ചറിയാതിരിക്കില്ല. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നവർ ആരൊക്കെയെന്ന് വരും നാളുകളിൽ കോതമംഗലം നിവാസികൾ തിരിച്ചറിയാതിരിക്കില്ല. എന്നും ജനസേവനത്തിന്റെ മുൻ നിരയിൽ എന്റെ നാട് ഉണ്ടാകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു.