ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’ എന്ന കൃതിക്കുശേഷം ജിതിൻ റോയ് രചിച്ച രണ്ടാമത്തെ ഇംഗ്ലീഷ് നോവലാണിത്. നിർമ്മിത ബുദ്ധി, മനഃശാസ്ത്രം, മാനിഫെസ്റ്റേഷൻ എന്നിവയെ വ്യത്യസ്ത പ്രമേയങ്ങളിലൂടെ കോർത്തിണക്കുന്ന സയൻസ് ഫിക്ഷൻ കുറ്റാന്വേഷണ ത്രില്ലറുകളാണ് ഇരു കൃതികളും. മുംബൈ ആസ്ഥാനമായുള്ള സ്റ്റോറി മിററാണ് പ്രസാധകർ.
നാം കാണുന്നതും കേൾക്കുന്നതും നമ്മുടെ അറിവില്ലാതെതന്നെ നമ്മുടെ തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ചോദ്യമാണ് ‘ദി ഡെഡ്ലി ഹാർമണി’യുടെ കേന്ദ്രപ്രമേയം. ലളിതമായ ഭാഷയിൽ കഥ പറയുമ്പോഴും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഉദ്വേഗം നിലനിർത്തുന്ന ആഖ്യാനശൈലിയാണ് നോവലിന്റെ സവിശേഷത.പ്രമേയത്തിലെ പുതുമയും അവതരണരീതിയും കൗമാരക്കാരുടെയും ത്രില്ലർ വായനക്കാരുടെയും ഇടയിൽ കൃതിക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.
വീ ഗ്ലോബൽ നെറ്റ്വർക്ക് സ്ഥാപക ബിൽന സന്ദീപ് പുസ്തകം പ്രകാശനം ചെയ്തു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. നോവലിന് അവതാരിക രചിച്ച ഫെബിൻ ജോൺ പുസ്തകപരിചയം നടത്തി. പ്രശസ്ത അവതാരകനും പ്രാസംഗികനുമായ രാധാകൃഷ്ണൻ മച്ചിങ്ങൽ ചടങ്ങ് നിയന്ത്രിച്ചു. ഫ്ലോറ ഗ്രൂപ്പ് ഡയറക്ടറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോഓർഡിനേറ്ററുമായ അനുര മത്തായി ആശംസകൾ നേർന്നു.
ഇന്ത്യ–ജിസിസി ട്രേഡ് കൗൺസിലിനു കീഴിൽ യു.എ.ഇയിലെ ഓണററി ട്രേഡ് കമ്മീഷണറായ അഡ്വ. സുധീർ ബാബു, എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീല പോൾ, മെയ്സ് അലുംനി യു.എ.ഇ പ്രസിഡന്റ് കൃഷ്ണകുമാർ പി., ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ദീപു ചാക്കോ, എഴുത്തുകാരിയും താളവാദ്യ കലാകാരിയുമായ മറീന എസ്. ജെ. എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു.
അക്കാഫ് അസോസിയേഷന്റെ പിന്തുണയോടെയായിരുന്നു പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.ഓറിയന്റ് ഇൻഷുറൻസ് കമ്പനിയിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന ജിതിൻ റോയ്, ഭാര്യ മെൽബി, മക്കളായ ഇവാൻ, മാത്യൂ, സാറ എന്നിവർക്കൊപ്പം 2012 മുതൽ ദുബായിൽ താമസിച്ചുവരുന്നു.






















































