കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
എറണാകുളം ജില്ലയുടെ ചാർജുള്ള മന്ത്രി റോജി എം ജോണിന്റെ ആവശ്യപ്രകാരം വനം വകുപ്പ് മന്ത്രി തിരുവന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ മന്ത്രി നിർദേശം നൽകിയത്.
യോഗത്തിൽ എം എൽ എമാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് പ്രസിഡന്റ് മാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഷിബു തെക്കുംപുറം എം എൽ എ ,
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റ് മേരി കുര്യാക്കോസ് എന്നിവരുടെആവശ്യം പരിഗണിച്ചാണ് വനം മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ ഇപ്പോൾ മലയാറ്റൂർ ഡിവിഷനിലും, മൂന്നാർ ഡിവിഷനിലും, ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ് ഉൾപ്പെട്ട് വരുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ടും, വന്യജീവി ആക്രമണം കൊണ്ടും പ്രദേശവാസികൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
പഞ്ചായത്തിൻ്റെ ജനവാസമേഖലകൾ മൂന്ന് വനം ഡിവിഷനുകളിലും അഞ്ച് റേഞ്ചുകളിലുമായി വ്യാപിച്ച് കിടക്കുന്നതിനാൽ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഏകോപിപ്പിക്കാൻ കഴിയുന്നില്ല.
വനം വകുപ്പിനുണ്ടാകുന്ന ഭരണപരമായ പ്രതിസന്ധികൾക്കും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ഡിവിഷൻ പുനർനിർണ്ണയം നടത്തുന്നതോടെ പരിഹാരമാകും.
കുട്ടമ്പുഴ വില്ലേജിൽ ഉൾപ്പെടുന്ന മാമലക്കണ്ടം, എളംബ്ലാശ്ശേരി, ക്ണാചേരി, പിണവൂർക്കുടി, ഇഞ്ചത്തൊട്ടി എന്നിവിടങ്ങൾ മൂന്നാർ ഡിവിഷനിൽനിന്നും മാറ്റുകയും (നേര്യമംഗലം റെയിഞ്ച്) കുട്ടമ്പുഴ, പൂയംകുട്ടി മണികണ്ഠൻചാൽ, ഉറിയംപെട്ടി, കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചുപറ, വാരിയം, തേര എന്നീ മേഖലകൾ മലയാറ്റൂർ ഡിവിഷനിൽനിന്നും (കുട്ടമ്പുഴ റെയിഞ്ച്, വാരിയം, തേര ഇടമലയാർ റെയിഞ്ച്) മാറ്റുകയും, വടാട്ടുപാറ (തുണ്ടം-റെയിഞ്ച്), തട്ടേക്കാട് പക്ഷിസങ്കേതത്തിൻ്റെ അതിർത്തി പുനർനിർ നിർണ്ണയിക്കുമ്പോൾ ഒഴിവാകുന്ന പ്രദേശങ്ങൾ (ഇടുക്കി വൈൽഡ് ലൈഫ്) കൂടി കോതമംഗലം ഡിവിഷൻ്റെ ഭാഗമാക്കിയാൽ കുട്ടമ്പുഴ വില്ലജ് മുഴുവനായും ഒറ്റ ഡിവിഷൻറ്റെ പരിധിയിൽ വരും.
ഇപ്പോൾ കുട്ടമ്പുഴ നിവാസികൾ കോതമംഗലം ഡിവിഷൻ്റെ മുന്നിലൂടെ കുറഞ്ഞത് 80 -120 കിലോമീറ്റർ യാത്രചെയ്തുവേണം മലയാറ്റൂർ ഡിവിഷനിലും മൂന്നാർ ഡിവിഷനിലും (ദേവികുളം) ഇടുക്കി വൈൽഡ് ലൈഫിലും എത്താൻ.
പെരുമൂഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽനിന്നും ഭരണപരമായ കാര്യങ്ങളാക്കായി ജീവനക്കാർ വാരിയം, തേര ഉന്നതികളിൽ എത്താൻ 200 കിലോമീറ്റർ യാത്ര ചെയ്യണം.
മുൻപ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ഇപ്പോൾ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ റവന്യു ഡിവിഷൻ്റെ ഭാഗമാണ്. ഭരണപരമായ പ്രതിസന്ധികളും ജനങ്ങളുടെ പ്രയാസങ്ങളും കണക്കിലെടുത്ത് നിയോജകമണ്ഡലം ദേവികുളം ആയിരുന്നത് കോതമംഗലം ആക്കിയതോടൊപ്പം ജുഡീഷ്യറി അടക്കമുള്ള ഭരണസംവിധാനങ്ങളൂം മാറ്റിയിരുന്നു എങ്കിലും വനം വകുപ്പ് അത്തരം നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ജനവാസ മേഖലകളും കോതമംഗലം ഡിവിഷൻ്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കർഷക സംഘടനയായ ഫാർമേഴ്സ് ആവേർനെസ്സ് റിവൈവൽ മൂവ്മെന്റ് (ഫാം) മുൻസർക്കാരിനെ സമീപിച്ചിരുന്നു എങ്കിലും അതിന്മേൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.
ഇക്കാര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്ച ( 26/10/2026 ) പ്രമേയം പാസാക്കിയിരുന്നു.
കുട്ടമ്പുഴ വില്ലേജ് പൂർണ്ണമായി കോതമംഗലം ഡി എഫ് ഒ യുടെ അധികാരത്തിൻ കീഴിൽ കൊണ്ടുവന്നാൽ വനം കേസുകൾ അടക്കം മുവാറ്റുപുഴ റവന്യു ഡിവിഷന്റെ പരിധിയിൽ വരും. 5000 ത്തിൽ അധികം ആദിവാസികളടക്കം അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഭാവിയിൽ വരാൻ പോകുന്നത് പോകുന്നത്.



















































