കോതമംഗലം: ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം. കടയുടമക്ക് പരിക്കേറ്റു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് പുത്തൻകുരിശിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ കുടുംബം മൂന്നാറിലേക്ക് ഉള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിന് വലതു വശത്തെ റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുന്നിൽ ഈ സമയം പത്രം വായിച്ചു കൊണ്ടിരുന്ന റേഷൻ കടയുടമ പുത്തൻകുരിശ് പട്ടരുമടം സ്ക്കറിയ എബ്രഹമിന് പരിക്കുപറ്റിയതിനെതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാർ യാത്രികർ സാരമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഡ്രൈവർഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം ഊന്നുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



















































