കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ അധ്യക്ഷതയില്‍ എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് ടീം (സിഎംടി) യോഗത്തിലാണ് തീരുമാനം. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഉള്‍പ്പെടെയുള്ള പത്തോളം റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് വേഗം കൂട്ടാനും നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം. മിനി ബൈപ്പാസ് റോഡിന്റെ നിര്‍മാണോദ്ഘാടനം നവംബറില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് നിര്‍മാണം അവസാനഘട്ടത്തിലാണ്. ഏകദേശം 400 മീറ്റര്‍ ഭാഗത്തെ ടാറിംഗ് കൂടി പൂര്‍ത്തിയാക്കാനുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഏകോപനത്തില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ എംഎല്‍എ നിര്‍ദേശം നല്കി. മൂന്നുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ബൈപ്പാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
നെല്ലിക്കുഴി പഞ്ചായത്ത് പടിയില്‍നിന്ന് ആരംഭിച്ച് ധര്‍മഗിരി ആശുപത്രിക്കു സമീപം അവസാനിക്കുന്ന ആലുമ്മാവ്കുരൂര് റോഡാണ് മറ്റൊരു പ്രധാന പദ്ധതി. റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ നിര്‍മിക്കുന്നതിനും ഐറിഷ് ഡ്രെയിന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രാഥമിക ലെവല്‍ സര്‍വേ പൂര്‍ത്തിയാക്കി ഡ്രയിനിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ റോഡ് ഗതാഗതയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് കോതമംഗലം, നെല്ലിക്കുഴി ടൗണുകളിലെ തിരക്കില്‍പ്പെടാതെ യാത്ര ചെയ്യാനാകും. നെല്ലിക്കുഴി പഞ്ചായത്ത് പടിയില്‍നിന്ന് ഗ്രീന്‍ വാലി, മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജ് വഴി തങ്കളംമലയിന്കീഴ്കോഴിപ്പിള്ളി ബൈപ്പാസിലെത്തി മൂന്നാറിലേക്കു കടക്കാവുന്ന രീതിയിലുള്ള ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കും.
രാമല്ലൂര്പിണ്ടിമന, ചാത്തമറ്റംഊരംകുഴി, വി.കെ. റോഡ്, കോതമംഗലം ന്യൂ ബൈപ്പാസ്, തൃക്കാരിയൂര്വടക്കുംഭാഗം, തൃക്കാരിയൂര്നാടുകാണി, പെരുമണ്ണൂര്കോണ്ടിമറ്റം, സൊസൈറ്റിപ്പടി കനാല്‍ പാലം റോഡ് തുടങ്ങിയവയുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. ഇവയില്‍ വിവിധ റോഡുകളില്‍ ബി.എം. ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ബി.സി. ടാറിംഗ്, റോഡ് വീതികൂട്ടല്‍, ഉയരം ക്രമീകരിക്കല്‍, കാനകലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തികള്‍, ഗതാഗതസുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും പൂര്‍ത്തിയാക്കാനുള്ളത്.തൃക്കാരിയൂര്നാടുകാണി റോഡില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ബി.എം. ടാറിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ബി.സി. ടാറിംഗ് അനുമതി ലഭിക്കുന്ന മുറയ്ക്ക് പുനരാരംഭിക്കും. ജി.എസ്.ടി. വര്‍ധനയെ തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റുകള്‍ക്ക് അനുമതി ലഭിച്ച റോഡുകളിലും നിര്‍മാണം വേഗത്തിലാക്കും.
മണ്ഡലത്തിലെ റോഡ് ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ പ്രധാന പദ്ധതികളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പിന്തുണയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുപോകും. കുട്ടമ്പുഴ, കോട്ടപ്പടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ പ്രധാന റോഡുകളുടെ നിര്‍മാണം, കാനകളുടെ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. ഇവ പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.യോഗത്തില്‍ കോതമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ബിജി പി.വി., ഷാമോന് കെ.കെ., അരുണ്‍ എം.എസ്., ആന്‍ഡ്രൂ ഫെര്‍ണാണ്ടസ് ടോം, കരാറുകാരായ ലിജു പോള്‍, മനു ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.



















































