കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും. ബൈപ്പാസില്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്റിന് സമീപംമുതല്‍ കോഴിപ്പിള്ളിയിലേക്കുള്ള ഭാഗമാണ് സ്ഥലയുടമ അടച്ചുകെട്ടിയത്.
വിവരം അറിയാതെ എത്തിയ വാഹനങ്ങള്‍ ഇവിടെ വന്ന് മറ്റ് റോഡുകള്‍വഴി തിരിഞ്ഞുപോകുകയാണുണ്ടായത്. ഇളംതുരുത്തില്‍ വര്‍ഗീസ്-ലിസ ദമ്പതികളാണ് റോഡ് അടച്ച് കല്ല് നിരത്തുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. ബൈപ്പാസ് നിര്‍മ്മാണത്തിന് ഇവരുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പ്രശ്നങ്ങളുണ്ട്.
തര്‍ക്കവും കോടതിവ്യവഹാരവും പോലിസ് കേസും ഉണ്ടായി. അലൈന്മെന്റ് പ്രകാരം തങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് വര്‍ഗീസ്-ലിസ ദമ്പതികളുടെ വാദം. ഇതുവരെ സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച് ഒരു രേഖയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.റീ സര്‍വ്വേയില്‍ തങ്ങളുടെ ആധാരത്തിലുള്ള സ്ഥലത്തില്‍ കുറവില്ലെന്നാണ് തെളിഞ്ഞതെന്നും മതിലും വീടിന്റെ ഭാഗങ്ങളുമുള്പ്പടെ പൊളിച്ച് അനധികൃത കയ്യേറ്റം നടത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തി നിര്‍ണ്ണയിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ദമ്പതികള്‍ പറയുന്നു.ചില നിക്ഷിപ്തതാല്പ്പര്യങ്ങളണ് തങ്ങളുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ദമ്പതികള്‍ സംശയിക്കുന്നതായും പറഞ്ഞു. കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് താല്‍ക്കാലികമായി ബൈപ്പാസ് വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
അധികാരികളുടെ അഭ്യാര്‍ത്ഥന മാനിച്ചാണ് റോഡ് തുറക്കാന്‍ അനുവദിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.പെരുന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴും വാഹനഗതാഗതം തുടരുന്ന സാഹചര്യത്തിലാണ് റോഡ് അടക്കാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ദമ്പതികളുടെ ഇപ്പോഴത്തെ ഇടപെടലോടെ ബൈപ്പാസിന്റെ പൂര്‍ത്തീകരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കോടതി ഇടപെടലിലൂടെയോ, ചർച്ച കളിലൂടെയോ അല്ലാതെ പ്രശ്നപരിഹാരം എളുപ്പമാവില്ലെന്നാണ് സൂചന. ഈ ഭാഗത്തെ ഭൂ രേഖകളുമായി ബന്ധപ്പെട്ട് അവ്യക്തതയും ആശയക്കുഴപ്പവും ഉള്ളതായും പറയുന്നു.


















































