.
കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വിദ്യാർഥികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും പങ്കെടുപ്പിച്ച് ഉപന്യാസം, ലേഖനം, കവിത തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. കോതമംഗലത്തിന്റെ തനത് കലാരൂപങ്ങളും കലാപരിപാടികളും ഉൾപ്പെടുത്തി ആഘോഷം വൈവിധ്യപൂർണമാക്കാനും തീരുമാനിച്ചു.
കേരളപ്പിറവി ദിനത്തിൽ കോതമംഗലത്ത് ഓപ്പൺ ലൈബ്രറി ആരംഭിക്കും. ഇതിനായി യോഗത്തിൽ പങ്കെടുത്തവർ പുസ്തകങ്ങൾ സ്പോൺസർ ചെയ്യാമെന്ന് അറിയിച്ചു. കോതമംഗലത്തെ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിനും അവരുടെ സാഹിത്യസൃഷ്ടികൾക്ക് പൊതുവേദിയൊരുക്കുന്നതിനും തീരുമാനിച്ചു. കോതമംഗലത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ഡോക്യുമെന്ററി നിർമിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സ്ഥിരമായി ഒത്തുചേരാനും കലാ-സാഹിത്യ പരിപാടികൾ സംഘടിപ്പിക്കാനും സൗകര്യമൊരുക്കുന്ന സ്ഥിരം സാംസ്കാരിക വേദി രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
കോതമംഗലത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറയിലേക്ക് പകരുകയും ചെയ്യുന്നതിനൊപ്പം സാഹിത്യ-കലാ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ വേദിയൊരുക്കുകയുമാണ് ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളപ്പിറവി ആഘോഷത്തിൽ ഒതുങ്ങാതെ നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് തുടർച്ചയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൊഫ. ബേബി എം. വർഗീസ്, പ്രൊഫ. കെ.എം. കുര്യാക്കോസ്, ഡോ. ജേക്കബ് ഇട്ടൂപ്പ്, എം.എസ്. എൽദോസ്, ബാബു ഏലിയാസ്, കെ.പി. കുര്യാക്കോസ്, റോയി പീച്ചാട്ട്, എൻ.ആർ. രാജശേഖരൻ, ഷിജോ ജോർജ്, എം.ഡി. ശശി, ബാബു ഇരുമല, ബിന്ദു വർഗീസ്, സായി പൂത്തോട്ട, ബിജി ഷിബു തുടങ്ങിയവർ വിവിധ കലാ-സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.



















































