കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ വണ്ണമുള്ള എട്ട് ആഞ്ഞിലിമരങ്ങളാണ് ഇവിടെ നിന്ന് കടത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കടപുഴകിവീണതാണ് മരങ്ങള്‍.
ഇവക്ക് ലക്ഷകണക്കിന് രൂപ വില വരും.പെരിയാര്‍വാലിയിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് മരംകൊള്ള നടന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി കീരമ്പാറ മണ്ഡലം കമ്മറ്റിക്കുവേണ്ടി പെലക്കുടിയില് പി.എ.ചെറിയാന് ഇതുസംബന്ധിച്ച പരാതി വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. കടപുഴകി വീണ മറ്റ് നാല് ചെറിയമരങ്ങള് പെരിയാര്‍വാലി അധികൃതര്‍ ലേലത്തില്‍ വിറ്റിരുന്നു. 72000 രൂപക്കായിരുന്നു ലേലം. ഈ ലേലത്തിന് പിന്നാലെയാണ് മറ്റ് മരങ്ങളും കടത്തിയതെന്ന് ചെറിയാന് പരാതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
ലേലത്തില്‍ പങ്കെടുത്തയാൾകൂടിയാണ് പ്രദേശവാസിയായ ചെറിയാന്.മരം മുറിക്കുന്നതിനേക്കുറിച്ച് വിവരം ലഭിച്ചിട്ടും ഇടപെടാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.വന്‍അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അന്വേഷണവും നടപടിയും വേണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.



















































