കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ നിന്നും കടന്നുവരുന്ന കാട്ടാനകളുടെ കടന്നുകയറ്റം മൂലം കൃഷിനാശവും സ്വത്തിനും മനുഷ്യജീവനും ഭീഷണിയും നേരിടുന്ന പ്രദേശങ്ങളിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കോതമംഗലം ഫോറസ്റ്റ് ഡിവിഷനു കീഴിൽ മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിൽ രണ്ട് ഭാഗങ്ങളിലായി ആകെ 18.50 കിലോമീറ്റർ നീളത്തിൽ തൂക്കുസൗരോർജ വേലി സ്ഥാപിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന ( ആർ കെ വി വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി 166.72 ലക്ഷം രൂപയുടെ അടങ്കൽ തുകയിലാണ് പ്രവർത്തികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കാട്ടാനകൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറുന്നത് നിയന്ത്രിക്കുന്നതിലൂടെ കൃഷിനാശവും സാമ്പത്തിക നഷ്ടങ്ങളും കുറയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പ്രദേശത്തിന്റെ ഭൂപ്രകൃതി, ജലാശയങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ, വനാതിർത്തികൾ എന്നിവ പരിഗണിച്ച് അനുയോജ്യമായ രീതിയിലാണ് തൂക്കുസൗരോർജ വേലി സ്ഥാപിക്കുന്നത്. വേലിയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് കൃത്യമായ പരിപാലനവും നടത്തും.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി അധ്യക്ഷത വഹിച്ചു.
കോതമംഗലം ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ കെ.ആർ സൂരജ് ബെൻ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രിയാമോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ്, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, വാർഡ് അംഗങ്ങളായ ഗോപി മുട്ടത്ത്, ബിന്ദു പൗലോസ്, എം.സി. അയ്യപ്പൻ,എ.സി. രാജശേഖരൻ, മാമച്ചൻ ജോസഫ്, രാജു എബ്രഹാം, തുടങ്ങിയവർ പങ്കെടുത്തു.



















































