കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി. കടവൂര്‍ ജിവിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആധുനിക സംവിധാനം ഒരുക്കി വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കടവൂര്‍ സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സ്മാര്‍ട്ട് ക്ലാസ് മുറികളും, ഡിജിറ്റല്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കി പൊതു വിദ്യാലയങ്ങള്‍ ആധുനിക നിലവാരത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥകള്‍ക്ക് പാഠ്യ വിഷയങ്ങളും, പൊതു വിജ്ഞാനവും, ലാപ്ടോപ്പിന്റെയും, പ്രൊജക്റ്ററുകളുടെയും സഹായത്തോടെ വീഡിയോ പ്രസന്റേഷനിലൂടെ പഠിക്കാന്‍ കഴിയും. അതിനുള്ള സോഫ്റ്റ്വെയര് ആണ് ഡിജിറ്റല്‍ സ്ക്വയറില്‍ ഉള്ളത്. പഞ്ചായത്ത് അംഗം നൈസി ഫെബിന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അമ്പാടി പി.ടി, അധ്യാപകരായ ജെയ്നി ജോസഫ്, ആതിര റ്റി.എസ്, പിടിഎ പ്രസിഡന്റ് വിന്‍സെന്റ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































