കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച യാത്ര കോതമംഗലം, ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, കുട്ടമ്പുഴ വഴി മാമലക്കണ്ടത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നേര്യമംഗലം, കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി വഴി ആലുവയില്‍ സമാപിച്ചു. 11 ബൈക്കുകളിലായി 20 റൈഡര്‍മാരാണ് യാത്രയില്‍ പങ്കെടുത്തത്.
ഉത്തരവാദിത്ത ടൂറിസത്തിലൂടെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ മാമലക്കണ്ടത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം, പുതുതലമുറയെ ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിച്ച് സര്‍ഗ്ഗാത്മക വഴികളിലേക്ക് വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. 5 വനിതാ റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ പ്രമുഖ വനിതാ ബുള്ളറ്റ് റൈഡര്‍ കവിത ഹരിയാണ് നയിച്ചത്. യുവാക്കളുടെ ലഹരി ഇതുപോലെയുള്ള യാത്രകളും സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളും ആയി മാറട്ടെയെന്ന് യാത്രയ്ക്ക് നേതൃത്വം നല്കിയ കവിത ഹരിയും അനന്തുവും പറഞ്ഞു.


















































