കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ് അനൂപിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കെട്ടിടമിടിഞ്ഞ് വീണ് മരിച്ച ജോയിയുടെ സംസ്‌കാരം ബുധനാഴ്ച നടക്കും.
തിങ്കളാഴ്ച വൈകിട്ട് 4 ഓടെയാണ് തൊടുപുഴ മുതലക്കോടത്ത് പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണത്. നാല് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. വൃദ്ധരായ പുരോഹിതരെ മാറ്റി പാര്‍പ്പിക്കുന്ന സാന്‍ജോ ഹോം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഹോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയാണ് അപകടം. കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കൂറ്റന്‍ ബീമുകളും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.






















































