കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന് എന്ന പേരും നല്കി കഴിഞ്ഞു.
നാട്ടിലിറങ്ങി നാട്ടുകാര്‍ കൃഷി ചെയ്തിട്ടുള്ള കപ്പ ലക്ഷ്യമാക്കി എല്ലാദിവസവും കാടുവിട്ട് ഇറങ്ങുകയാണ് ഈ കൊമ്പന്.കോട്ടപ്പടി വാവേലി മേച്ചേരി അയ്യപ്പന്‍കുട്ടിയുടെ കപ്പ കൃഷിയിടത്തില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഈ ആനയെത്തി കപ്പ തിന്നു.വീടിന് സമീപത്ത് കുറുപ്പംപടി സ്വദേശി സുനിലിന്റെ സ്ഥലത്താണ് കപ്പ കൃഷി ചെയ്തിരുന്നത്. ഇന്നലെയും ആന കപ്പ പറിച്ചുതിന്നുന്നത് നോക്കിനില്ക്കാനെ അയ്യപ്പന്‍കുട്ടിക്ക് കഴിഞ്ഞുള്ളു.
ഒച്ചവെച്ചാല്‍ വീടിന് നേരെ തിരിയുമെന്ന ഭീതി ആയിരുന്നു മൗനത്തിന് കാരണം. സ്ഥലത്ത് അവശേഷിക്കുന്ന മൂന്ന് മൂട് കപ്പകൂടി തിന്നാന്‍ ആന ഇനിയും എത്തുമെന്ന ആശങ്കയിലാണ് അയ്യപ്പന്‍കുട്ടി. വാവേലിയില്‍ മാത്രമല്ല വനാതിര്‍ത്തിയിലെ മറ്റ് പല പ്രദേശങ്ങളിലും കഴിഞ്ഞ കുറേ ദിവസങ്ങളിലായി സമാന രീതിയില്‍ കപ്പ തിന്നാന്‍ ഇതേ കൊമ്പന് എത്തിയിരുന്നു.
മനുഷ്യന് ചെയ്യുന്ന അതേമാതൃകയില്‍ മൂടോടെ പറിച്ചശേഷം കപ്പ തുമ്പികൈ കൊണ്ട് അടർത്തിയെടുത്ത്തിന്ന് മടങ്ങുകയാണ് ആന. കപ്പക്കൊമ്പൻ്റെ ശല്യം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വികരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.



















































