പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, ഭീഷണിപ്പെടുത്തല്‍, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്.
2020ല്‍ പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറാം പ്രതിയായിരുന്നു. കഴിഞ്ഞ മേയില്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതിന് കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.


















































