കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പ്രോസ്ഥോഡോണ്ടിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുസ്മിതം 2026 മെഗാ സാമൂഹിക സേവന പദ്ധതി ചരിത്രവിജയമായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമ്പൂർണ ദന്തനഷ്ടം സംഭവിച്ച 141 അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി മുഴുവൻ പല്ല് സെറ്റുകൾ നിർമ്മിച്ച് വിതരണം ചെയ്തു.പരമ്പരാഗതമായി കുറഞ്ഞത് അഞ്ച് ക്ലിനിക്കൽ സന്ദർശനങ്ങൾ ആവശ്യമായ മുഴുവൻ പല്ല് സെറ്റ് നിർമ്മാണ നടപടികൾ പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ആസൂത്രണം ചെയ്ത ത്വരിത ചികിത്സാ രീതിയിലൂടെ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി.
19ന് പ്രധാന ക്ലിനിക്കൽ, ലബോറട്ടറി നടപടികൾ പൂർത്തിയാക്കിയ ശേഷം 20ന് എല്ലാ ഗുണഭോക്താക്കൾക്കും പല്ല് സെറ്റുകൾ വിതരണം ചെയ്തു. പ്രായമായ രോഗികൾക്ക് ആവർത്തിച്ചുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന മാതൃക നടപ്പിലാക്കിയത്.
ഒരേ വേദിയിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സൗജന്യ മുഴുവൻ പല്ല് സെറ്റുകൾ വിതരണം ചെയ്ത പരിപാടി എന്ന നേട്ടത്തിനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കുള്ള രേഖപ്പെടുത്തൽ നടപടികളും ചടങ്ങിനോടനുബന്ധിച്ച് പൂർത്തിയാക്കി. വൈഎംസിഎ , വൈസ്മെൻ ഇൻ്റർ നാഷ്ണൽ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ ചെറിയപള്ളി വികാരി ഫാ. സാജു കുരീക്കാപ്പിള്ളിൽ , എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. പി വിൻസെന്റ്, സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ എം.എം സണ്ണി, ട്രസ്റ്റിമാരായ ബിനോയ് തോമസ് മണ്ണഞ്ചേരിൽ, പി. ഐ. ബേബി, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ലാൽ അപ്പയ്ക്കൽ, വൈഎംസിഎ കേരള റീജിയൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, വൈഎംസിഎ നാഷണൽ ചെയർമാനും വൈസ്മെൻ ഇൻ്റർ നാഷ്ണൽ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടറുമായ ഡോ. ടെറി തോമസ് ഇടത്തൊട്ടി, വൈസ്മെൻ ഇൻ്റർ നാഷ്ണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡയറക്ടർ ടെൻസിംഗ് ജോർജ്, റീജിയണൽ സെക്രട്ടറി ബിനോയ് പൗലോസ്, റീജിയണൽ ട്രെഷറർ അനിൽ ജോർജ്, വൈഎംസിഎ കോതമംഗലം പ്രസിഡന്റ് ടോമി ചെറുകാട്ട് എന്നിവർ പ്രസംഗിച്ചു.
മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബൈജു പോൾ കുര്യൻ, പ്രോസ്ഥോഡോണ്ടിക്സ് വിഭാഗം പ്രൊഫ. ഡോ. ലിറ്റോ മാനുവൽ, ഡോ. ജിൻസ പി. ദേവസി എന്നിവർ നേതൃത്വം നൽകി.


















































