കോതമംഗലം: പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധം. മാമലക്കണ്ടം പ്രദേശത്തെ 2 വാര്‍ഡുകളിലെ ജനങ്ങളുടെ ജീവിതം,പ്രകൃതി വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, വനപരിസ്ഥിതി,കാര്‍ഷികമേഖലയിലെ ഉപജീവനം എന്നിവയെ ഗുരുതരമായിബാധിക്കുന്നതാണ് പിണവൂര്‍ 7മെഗാവാട്ട് വൈദ്യുത പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി മാമലക്കണ്ടം സംരക്ഷണസമിതി പഞ്ചാ
യത്ത് ഓഫിസിലേക്ക് മാര്‍ച്ച്‌നടത്തി.
മാമലക്കണ്ടത്ത് സ്വകാര്യ ജലവൈദ്യുത പദ്ധതി വേണ്ടെന്ന് ഗ്രാമ സഭ തീരുമാനിച്ചിരുന്നു. എന്നാല്‍, പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഇതു സര്‍ക്കാരിനെ അറിയിക്കാന്‍ 10 മാസം വൈകിയെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി.അരുണ്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി.ഗോപിനാഥ് അധ്യക്ഷതവഹിച്ചു. മുന്‍ വൈസ് പ്രസിഡന്റ് എം.വി.രാജന്‍, എം.കെ.ശശി,എം.എസ്. ആരോമല്‍, ബിബിന്‍ ബാലചന്ദ്രന്‍, ഇ.പി.ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.



















































