മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന് കിഷോര്‍(48)ആണ് മാതൃസഹോദരി പുത്രനായ മംഗലത്ത് നവീന്‍(28)നെ വെടിവെച്ചത്. സഹോദരങ്ങളായ ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു.
ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നവീനും ,കിഷോറിനും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഗുരുതര അവസ്ഥയിലായ നവീനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവീന്റെ കരള്‍ തുളച്ച് വെടിയുണ്ടപുറത്തുവന്നതായി പോലീസ് പറഞ്ഞു. ലൈസന്‍സുള്ള തോക്കില്‍ നിന്നുമാണ് ജുഗന് കിഷോര്‍ നിറഒഴിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതി ജുഗന് കിഷോറിനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.