കോതമംഗലം : നാടെങ്ങും വർണ്ണ വിളക്കുകൾ, ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ്ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ക്രിസ്തുമസ് വിപണി ഉണർന്നു കഴിഞ്ഞു. കൊവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും പിന്നിട്ടു ഇനിയും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.കോതമംഗലത്തെയും, മുവാറ്റുപുഴയിലെയും, ഹൈറേഞ്ചിലെയും വില്‍പ്പനശാലകളിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു. വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ് ട്രീ കൾകൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കോതമംഗലത്തെ വ്യാപാരികള്‍. കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ചു വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്.
പ്രളയ പേമാരിയും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്തുമസ് പപ്പാവേഷങ്ങള്‍ക്കും അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്ന നഗര ഗ്രാമപ്രദേശങ്ങളിൽ ക്രിസ്മസ് വിപണിയിൽ പ്രതീക്ഷ അർപ്പിചിരിക്കുകയാണ് വ്യാപാരികൾ. ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്മസ് വിപണിയിലും ഈ ഉണർവ് പ്രകടമാണ്.
ക്രിസ്മസ് നക്ഷത്രങ്ങൾ, അലങ്കാര ദീപങ്ങൾ, പുൽക്കൂട് ഒരുക്കാനുള്ള സാധന സാമഗ്രികൾ എന്നിവ പൊതുവിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതുമയിലും വൈജാത്യം പുലർത്തുന്ന നക്ഷത്രങ്ങൾ, അലങ്കാര വർണ ദീപങ്ങൾ എന്നിവ വിപണി വേറിട്ടതാക്കുന്നു. 35 രൂപ മുതൻ 450 രൂപ വരെ വിലമതിക്കുന്ന നക്ഷത്രങ്ങൾ വിപണിയിലുണ്ട്. ഡും സ്റ്റാറിന് 350 മുതൽ 400 വരെയാണ് വിപണി വില. കടലാസ് നിർമിത നക്ഷത്രങ്ങൾക്കാണ് വിലക്കുറവ്. ലെഡ് നക്ഷത്രങ്ങൾക്കാണ് ഇത്തവണയും വില കുടുതൽ.