കാലടി : മലയാറ്റൂർ ഇല്ലിത്തോടിൽ പൊട്ടക്കിണറ്റിൽ പുലിയുടെ അഴുകിയ ജഡം ഇന്നലെ കണ്ടെത്തി. പാറ്റപ്പാറയിൽ കൊളാട്ടുകുടി സജീവ് ബേബിയുടെ റബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ടാപ്പിങ് തൊഴിലാളിയാണ് ജഡം കണ്ടത്. ആറുവയസ്സുള്ള പെൺപുലിയുടെ ജഡത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ദഹിപ്പിച്ചു.
മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ, കാലടി റേഞ്ച് ഓഫീസർ ബി അശോകരാജ്, കാരക്കാട് ഡെപ്യൂട്ടി റേഞ്ചർ പി കെ സൈനുദീൻ, ഡോ. എൻ സുഗതൻ, വെറ്ററിനറി സർജൻ ഡോ. ബാലഗോപാലൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.