കോതമംഗലം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വെള്ളൂർ സ്വദേശി പുത്തൻപറമ്പിൽ പ്രിൻസ് ജോർജ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി ചാലിൽപുത്തൻപുര ദിലീപ് (41), ഇയാളുടെ അനുജൻ പ്രദീപ് (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ദിലീപ് പോലീസിൽ എത്തി ഇന്നലെ കീഴടങ്ങുകയായിരുന്നു.
ദിലീപിൻ്റെ പെൺസുഹ്യത്തുമായി കഴിഞ്ഞ ദിവസം പ്രിൻസ് വാക്ക് തർക്കം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നുള്ള പരാതിയിൽ ഇരുവരോടും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച്ച രാത്രിയിൽ ഉണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചത്. പ്രിൻസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. തടിപ്പണിക്കാരനായ കൊല്ലപ്പെട്ട പ്രിൻസിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും.