കോതമംഗലം : കോതമംഗലം താലൂക്ക് ആശുപതിയ്ക്ക് 1.75 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഐസൊലേഷൻ ബ്ലോക്ക് നിർമ്മിക്കുന്നതിനായിട്ടാണ് തുക അനുവദിച്ചത്. കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായിട്ടാണ് ഐസൊലേഷനു വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും. പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.