കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ തോടിന്റെ സംരക്ഷണഭിത്തി തകർത്തതുമായുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വടാട്ടുപാറ
പനംചുവട് ഭാഗത്ത് തോടിൻ്റെ സംരക്ഷണ ഭിത്തി തകർത്ത തിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് വടാട്ടുപാറ മുളക്കൽ തങ്കച്ചന് (56) കുത്തേറ്റത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച തൊടിനോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണഭിത്തി കഴിഞ്ഞദിവസം പാപ്പു എന്നയാൾ തകർത്തിരുന്നു. ഈ വിവരം അറിഞ്ഞ് പഞ്ചായത്ത് മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പൊതുജനങ്ങളും സംഭവസ്ഥലം സന്ദർശിക്കുകയും ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ തങ്കച്ചനും പാപ്പുവും തർക്കമുണ്ടാവുകയും ചെയ്തു.
ഇതിനിടയിൽ പാപ്പു ഒളിപ്പിച്ചിരുന്നു റബർ കത്തി ഉപയോഗിച്ച് പുറകിൽ നിന്ന് തങ്കച്ചെനെ കുത്തുകയായിരുന്നു. പ്രതിയായ പാപ്പു മുൻപും ഇത്തരം കേസിൽ
ഉൾപ്പെട്ടിട്ടുള്ളയാളാണന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വരകിൽ പാപ്പു (75) വിനെ കുട്ടമ്പുഴ സിഐ മഹേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റ തങ്കച്ചൻ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.