കോതമംഗലം: പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എം എൽ എ ബഹു:ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടാത്തത് മൂലം പെരിയാർവാലി കനാലിനെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിനായ ആളുകൾക്ക് അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. 8 കി മി ദൂരം വരുന്ന മെയിൻ കനാലും, 24.3 കി മി ദൂരം വരുന്ന ഹൈലെവൽ കനാലും,2 0.8 കി മി ദൂരം വരുന്ന ലോലെവൽ കനാലും അതിൻ്റെ ഉപ കനാലുകളുമായി കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ 642 കി മി ദൂരത്തിലാണ് പെരിയാർവാലി കനാലുകൾ ഉള്ളത്.
കടുത്ത വേനൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ കനാലുകളിൽ കുടിവെള്ളമെത്താത്തതിനാൽ പെരിയാർവാലി കനാലിനെ ആശ്രയിച്ച് കഴിയുന്നവർ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കനാലുകളുടെ അവശേഷിക്കുന്ന അറ്റകുറ്റപണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനും,കനാലിലൂടെ അടിയന്തിരമായി വെള്ളം തുറന്ന് വിടുന്നതിനും വേണ്ട നടപടി സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.