കോതമംഗലം :- ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എത്ര അർത്ഥവത്തായ വരികളാണല്ലേ. നമ്മുടെ നാട്ടിൻപുറങ്ങൾ ഇപ്പോൾ ബഹുനില കെട്ടിടങ്ങളെയും, കാലാനുസൃതമായ പുത്തൻ മാറ്റങ്ങളെയും സ്വീകരിച്ചു ഒരു പരിഷ്കാരിയായി മാറിയിട്ടുണ്ട്. പണ്ട് സൈക്കിളിൽ നാടു ചുറ്റിയിരുന്ന സാധാരണക്കാരായ കാർന്നോൻമാർ വരെ ഇലക്ട്രിക് സ്കൂട്ടറും മറ്റു ചെറു വാഹനങ്ങളിലും സഞ്ചരിച്ചു തുടങ്ങി. പട്ടണത്തിലെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇപ്പോൾ ഗ്രാമങ്ങളിൽ ലഭ്യമാണ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ടെലിവിഷൻ വീട്ടിലെ താരമായപ്പോൾ അതിലെ പരസ്യങ്ങൾ നമ്മെ സ്വാധീനിച്ചു തുടങ്ങിയപ്പോൾ, ജനങ്ങൾ പരസ്യത്തിൽ കാണിക്കുന്ന കമ്പനി ഉത്പന്നങ്ങൾ വാങ്ങിയുപയോഗിക്കാൻ തുടങ്ങി തന്മൂലം നാട്ടിൻപുറത്തെ ചെറുകിട ഫ്ലവർ/ഓയിൽ മില്ലുകളും, മറ്റു നിർമാണ യൂണിറ്റുകളും ആവശ്യക്കാർ കുറഞ്ഞതോടെ ഉത്പാദനം നിർത്തേണ്ട അവസ്ഥയിലുമായി. നൂഡിൽസ്, ബിസ്ക്കറ് തുടങ്ങിയവ കാരണം പല ന്യൂജൻ കുട്ടികൾക്കും നാടൻ ഉത്പന്നങ്ങളോട് താല്പര്യം കുറഞ്ഞു.കുറെയേറെ ഉപഭോക്താക്കൾ നാട്ടിൻപുറത്തെ കടകളിൽ ചെന്നാൽ വലിയ കമ്പനികളുടെ ബ്രാൻഡഡ് എന്ന് വിശേഷണമുള്ള ഉത്പന്നങ്ങൾ മാത്രം ചോദിച്ചു വാങ്ങുവാൻ ആരംഭിച്ചു . കറിപൊടികൾ, വെളിച്ചെണ്ണ, ചിപ്സുകൾ, പലഹാരങ്ങൾ എന്തിനു പറയുന്നു മിഠായികൾ വരെ പലരും കമ്പനി ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു തുടങ്ങി. ഗുണനിലവാരം പോലും നോക്കാതെ പരസ്യങ്ങൾ മാത്രം ശ്രദ്ധിച്ചു ഉത്പന്നങ്ങൾ തീരഞ്ഞെടുക്കുന്ന രീതി.
ഭക്ഷ്യ സുരക്ഷ വകുപ്പ് ശക്തമായി കമ്പനി ഉത്പന്നങ്ങൾ പരിശോധനക്കു വിധേയമാക്കി തുടങ്ങിയതോടെ ചില ഉത്പന്നങ്ങളിലെ മായം,അതിലുപയോഗിച്ചിരിക്കുന്ന വസ്തുക്കൾ, ഗുണനിലവാരമില്ലായ്മ ,മറ്റു പല കാര്യങ്ങളും പുറത്തു വന്നുതുടങ്ങി, സോഷ്യൽ മീഡിയ ഇതൊക്ക ഏറ്റെടുത്തു പ്രചരിപ്പിച്ചു ,കൂടാതെ മാധ്യമങ്ങൾ ‘എക്സ്ക്ലൂസീവ് ‘വാർത്ത എന്ന പേരിൽ ഇവയൊക്കെ ഉപഭോക്താവിന്റെ കൺമുന്നിൽ, എത്തിച്ചതോടെ സ്ഥിതിഗതി മാറിമറിഞ്ഞു. നാടൻ ഉത്പന്നങ്ങൾക്ക് ആളുകളുണ്ടായി, ഉപയോഗം വർദ്ധിച്ചു തുടങ്ങി. മിക്കവാറും ആളുകൾ നാടൻ സാധനങ്ങൾ ചോദിച്ചു മേടിച്ചും തുടങ്ങി.
നാടൻ എന്ന പേരിൽ വിപ്ലവകരമായ മാറ്റം ഉണ്ടായത് വെളിച്ചെണ്ണ വ്യവസായത്തിലാണ്. പണ്ട് പൂട്ടി കിടന്ന പ്രവർത്തനം കുറച്ച പല വെളിച്ചെണ്ണ മില്ലുകളും , മറ്റു ഫ്ലവർ മില്ലുകളും ഉയർത്തെഴുന്നേറ്റു . നാടൻ, തനി നാടൻ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പല പേരിൽ ഉപഭോക്താവിന് കാണാ വുന്ന സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ വെളിച്ചെണ്ണ കടകളിലെത്തി.പ്ലാസ്റ്റിക് കവർലെത്തിയിരുന്ന കമ്പനി വെളിച്ചെണ്ണകൾ പലതും കടകളിൽ നിന്നും അപ്രത്യക്ഷരായ സ്ഥിതി ഗതി, കോതമംഗലം പട്ടണത്തിന്റെ കാര്യം നോക്കിയാൽ ചുറ്റുപാടുമുള്ള പല എണ്ണ ആട്ടുന്ന മില്ലുകളും സ്വന്തം പേരിലോ സ്ഥലപ്പേരിലോ വെളിച്ചെണ്ണ വിൽപ്പന തുടങ്ങി. വാരപ്പെട്ടി, തൃക്കാരിയൂർ, പായിപ്ര തുടങ്ങി പല സ്ഥലപേരു കളിൽപോലും കോതമംഗലത്തിപ്പോൾ വെളിച്ചെണ്ണ ലഭ്യമാണ്.
നാടൻ മുട്ട, നാടൻ പഴങ്ങൾ, നാടൻ പച്ചക്കറി,നാടൻ പശുവിന്റെ പാൽ നാട്ടിലുണ്ടാക്കുന്ന ചിപ്സുകൾ മറ്റു പലഹാ രങ്ങൾ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.മറ്റൊരു പുതിയ മാറ്റം കണ്ടത് തൈര് കച്ചവടത്തിലാണ്. വീടുകളിൽ സ്വയം തയാറാക്കിയിരുന്ന തൈരുകൾ പിന്നീട് പ്ലാസ്റ്റിക് കവറുകളിലാക്കി പലരും പച്ചക്കറി തട്ടിൽ വില്പനക്കെത്തിച്ചു. അടുത്തിടയായി ‘നാടൻ കട്ടി തൈര്’ എന്ന പേരിൽ കുറെയേറെ ചെറിയ സംഭരംഭകർ പ്ലാസ്റ്റിക് കുപ്പിയിൽ തൈര് വിപണനം തുടങ്ങി.നല്ല രീതിയിൽ ഇവ സ്വീകരിക്കപ്പെടുകയും ചെയ്തു.കറിപ്പൊടികൾ, വാഴപ്പഴം, കോഴിമുട്ട തുടങ്ങിയവയിലെല്ലാം നാടൻ സാധനങ്ങൾ, വരവ് സാധനങ്ങൾ എന്നിങ്ങനെ വേർതിരിവ് പറഞ്ഞു വില്പന തുടങ്ങി. നാടൻ ഉത്പന്നങ്ങൾ ഉറക്കമുണർന്നു, പതിയെ പുതു ജീവനെടുത്തു.
ബർഗർ, പിസ്സ, നൂഡിൽസ്, ബിസ്ക്കറ് പിന്നെ നമ്മൾ ‘ജങ്ക് ഫുഡ് ‘ എന്നുവിളിക്കുന്ന പലതരം വിഭവങ്ങൾ കോവിഡ് കാലത്ത് കടകളിൽ കിട്ടാതായപ്പോൾ കുട്ടികളും, മുതിർന്നവരും നാട്ടിലെ ഉപ്പേരി, കൊഴുക്കട്ട, പഴം പൊരി തുടങ്ങി മറ്റു പല നാടൻ പലഹാരങ്ങളും വാങ്ങിയും സ്വന്തമായി ഉണ്ടാക്കിയും കഴിച്ചു തുടങ്ങി.
നാട്ടിൻ പുറത്തെ മാത്രം കാര്യമല്ലിത് നഗരങ്ങളിലെ വലിയ സൂപ്പർ മാർക്കറ്റുകളിൽ പോലും നാടൻ ഉത്പന്ന തരംഗം ഉണ്ട്. നമ്മുടെ ഭരണഭാഷ, മാതൃ ഭാഷ യായ മലയാളത്തിൽ തന്നെ വേണമെന്ന നിയമം വന്നതു കണ്ടു കൊണ്ടാണോ അതോ ഒരു വ്യത്യസ്തതക്കു വേണ്ടിയാണോ എന്നറിയില്ല കോതമംഗലത്തു പുതിയതായി തുടങ്ങുന്ന പല ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും പേരുകൾ തനി നാടൻ ആണ്. അളിയന്റെ കട, പീടിക, നമ്മുടെ ഗ്രാമം, വിലക്കുറവിന്റെ കട, ഇക്കാന്റെ കട, അധോലോകം, നുമ്മ കട…,തുടങ്ങി ശ്രദ്ധേയമായ മലയാള തനിമയുള്ള പേരുകൾ. എന്റെ നാട്, സമൃദ്ധി തുടങ്ങി കോതമംഗലത്തെ വലിയ സൂപ്പർ മാർക്കറ്റുകൾക്കും മലയാള നാമധേയം ആണ്.
‘നാടൻ ‘എന്ന പേരിൽ വരുന്നതെല്ലാം ശുദ്ധമാവണമെന്നില്ല പല തട്ടിപ്പും ഇപ്പോൾ കണ്ടുവരുന്നുണ്ട്, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും പോലീസിന്റെയും ഇടപെടൽ മൂലം കുറെയൊക്കെ മാറ്റങ്ങളും വന്നിട്ടുണ്ട്, വ്യാജ ഉത്പന്നങ്ങൾ ജനങ്ങൾ മനസ്സിലാക്കി ബഹിഷ്കരിച്ചും തുടങ്ങി. ചൗ മിഠായി , കമ്പർകട്ടു മിഠായി , കടലമിഠായി , നാരങ്ങ മിഠായി തുടങ്ങി നാട്ടിലെ കടകളിൽ നിന്നു മറഞ്ഞു തുടങ്ങിയ പല നാടൻ മിഠായികളും കടകളിൽ തിരിച്ചെത്തിയ കാലമാണിത്.നാടൻ തട്ടുകടകൾ സർവസാധാരണമായി മാറി.
സർവത്ര നാടൻ മയമായ നമ്മുടെ നാട്ടിൽ ഏത് ഉല്പന്നങ്ങൾക്കും ഒരു വിപണിയുണ്ട്. പലരുടെയും പൂർത്തീകരിച്ച സ്വപ്നങ്ങളാണ് ഓരോ പുതിയ ഉൽപന്നങ്ങളും, ഉപഭോക്താവിന്റെ അഭിരുചികൾ മാറിയത് ഇവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്, ഗുണനിലവാരമുള്ള നാടൻ ഉത്പന്നങ്ങൾ മറ്റു കമ്പനി ഉത്പന്നങ്ങൾ പോലെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നല്ലത് അംഗീകരിക്കപ്പെടേണ്ടതാണ്, തനി നാടൻ ഭാഷയിൽ പറഞ്ഞാൽ അരിപ്രശ്നമാണ് ചിലരുടെ., അതിനാൽ നാട്ടിലെ നല്ല സംരംഭങ്ങൾ വിജയിക്കട്ടെ.’നാടൻ’ എന്ന വാക്ക് പൊതുവെ ഉപഭോക്താവിന്റെ വിശ്വാസം കാക്കുന്ന ഒന്നായിപ്പോൾ മാറിക്കഴിഞ്ഞിരിക്കുന്നു