പെരുമ്പാവൂര്‍: മാട്രിമോണിയല്‍ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങള്‍ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്നും പറഞ്ഞ് പല പേരുകളിലായി കോടികള്‍ തട്ടിയെടുത്ത യുവതി പെരുമ്പാവൂര്‍ പോലീസിന്റെ പിടിയില്‍. ആലുവ എടത്തല സ്വദേശിനി ഷംല ഷമീറാ(29)ണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവില്‍ നിന്നും 50ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബര്‍ മൂന്നുമുതല്‍ 2024 നവംബര്‍ 20 വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായാണ് ഇവര്‍ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം കൈക്കലാക്കിയ ഇവര്‍ യുവാവിനെ ബിസിനസ് പാര്‍ട്ണര്‍ ആക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പെരുമ്പാവൂര്‍ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.
വയനാട് , കോഴിക്കോട്, മലപ്പുറം ,കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാക്കളില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളില്‍ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബിസിനസ് പാര്‍ട്ണര്‍ ആക്കാം എന്ന വാഗ്ദാനം നല്‍കി കൂടുതല്‍ തുക വാങ്ങുകയാണ് പതിവ്.
എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകള്‍ എത്തിക്കുന്നതിന്റെ ഓര്‍ഡര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് വിവരം. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ വിവാഹിതയാണ് . കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






















































