കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ ചരിഞ്ഞ നിലയില്‍ ഒഴുതിയെത്തിയ കാട്ടുകൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവു ചെയ്തു. ഉദേശം 20 വയസ് പ്രായം ഉള്ള ആനയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പുഴക്ക് നടുവിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജഡം കരയ്ക്കുടിപ്പിച്ചത്.
ആനയുടെ ശരീരത്തില്‍ കൊമ്പില്ലായിരുന്നു. ചീഞ്ഞഴുകിയ ജഡം പുഴയിലെ പാറകളില്‍ തട്ടി കൊമ്പ് വേര്‍പ്പെട്ട് പോയതാകാനാണ് സാധ്യതയെന്നാണ് നിഗമനം. മെറ്റല്‍ ഡിക്ടര്‍ ഉപയോഗിച്ച് ജഡം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയില്ല. ആനയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയക്കും. കുട്ടംപുഴ റേയ്ഞ്ച് ഓഫീസര്‍ വി.പി. മുരളീദാസ്, കോടനാട് അഭയാരണ്യം ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍ ബിനോയ് സി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.



















































