കോതമംഗലം: കോതമംഗലം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളുടെയും കോളേജുകളുടെയും വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ 46 വാഹനങ്ങള്‍ വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടു. ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. 150 ഓളം വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കര്‍ പതിപ്പിച്ചു.
സുരക്ഷാ സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയത്. ജോ. ആര്‍ടിഒ സലിം വിജയകുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി റെജിമോന്‍, എന്‍.കെ ദീപു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്‌കെടര്‍മാരായ എബിന്‍ ഐസക്, അരുണ്‍ കെ.ശശിധരന്‍, കെ.ഡി ദിനീഷ്‌കുമാര്‍, എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.



















































