കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പിണ്ടിമന പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള മുഴുവൻ എ സി പൈപ്പുകളും മാറ്റി പകരം ഡി ഐ പൈപ്പുകൾ സ്ഥാപിക്കും.മാലിപ്പാറ പ്ലാൻ്റ് മുതൽ കാളവണ്ടിപ്പടി,മുത്തംകുഴി, നെടുമലത്തണ്ട്,ചെങ്കര റോഡ് എന്നിവിടങ്ങളിലായി 6 കി മി ദൂരത്തിലാണ് എ സി പൈപ്പുകൾ മാറ്റി ഡി ഐ പൈപ്പുകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം ചേലാട് – മാലിപ്പാറ – കുളങ്ങാട്ടുകുഴി റോഡിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്ന 2 കി മി ദൂരത്തിലും,ജവാൻ റോഡിലെ 2 കി മി ദൂരത്തിലും,പഞ്ചായത്തിലെ മറ്റ് ഇടങ്ങളിലായി 8 കി മി ദൂരത്തിലും പുതിയ പൈപ്പുകൾ സ്ഥാപിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ പൈപ്പ് ലൈൻ എക്സ്റ്റൻഷൻ ഉൾപ്പെടെ 6 കി മി ദൂരം ഡി ഐ പൈപ്പും,12 കി മി ദൂരം പി വി സി പൈപ്പും സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.വർഷങ്ങളുടെ കാലപ്പഴക്കമുള്ള പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നത് മൂലം പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം താളം തെറ്റുന്നതും റോഡുകൾ തകരുന്നതും പതിവായിരുന്നു.കുടിവെള്ള പദ്ധതിയുടെ നവീകരണത്തോടെ ഇതിന് പരിഹാരമാകും.അതോടൊപ്പം തന്നെ പിണ്ടിമന പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും ഇതോടെ ശാശ്വത പരിഹാരമാകും.നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നവീകരണ പ്രവർത്തികൾ ആരംഭിക്കുമെന്നും എൽ എ അറിയിച്ചു.