പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകൾ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ വിതരണം ചെയ്തു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷൻ എറണാകുളം ജില്ല കമ്മിറ്റിയാണ് മരുന്നുകൾ സംഭാവനയായി നൽകിയത്. നാനുറ്റിയൻപത്തോളം രോഗികൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ് അഭയഭവൻ. കോവിഡ് 19 നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവിടെ മരുന്നുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഇത് മനസിലാക്കിയാണ് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷൻ മരുന്നുകൾ എത്തിച്ചു നൽകിയത്.
എൽദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ,
മുൻ ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു ജോസഫ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്, ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ആർ സുരേഷ്, കെ.എസ് കൃഷ്ണ, മാത്യു ജോർജ്, സന്ദീപ് കൃഷ്ണ, അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ എന്നിവർ സംബന്ധിച്ചു.