കോതമംഗലം: പുസ്തകങ്ങളെ പ്രാണനായി കണ്ട്, വീടിനുള്ളില്‍ത്തന്നെ അറിവിന്റെ വലിയൊരു ലോകം തീര്‍ത്തിരിക്കുകയാണ് ചിത്രകാരനായ രാജന്‍ കെ. ജോണ്‍. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ അറുപത്തിമൂന്നുകാരനായ രാജന്‍ വായനയുടെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇപ്പോള്‍ 55 വര്‍ഷം പിന്നിടുന്നു.
ചെറുപ്പകാലത്ത് ടാര്‍സന്‍ കഥകളിലൂടെയായിരുന്നു വായനയുടെ തുടക്കം. ഒരുകാലത്ത് ഡിറ്റക്ടീവ് നോവലുകളോട് ഭ്രമമായിരുന്നെങ്കില്‍, പിന്നീട് ചരിത്ര നോവലുകളിലേക്കും വിശ്വസാഹിത്യത്തിലേക്കും ചരിത്രപഠനങ്ങളിലേക്കുമെല്ലാം വായന പടര്‍ന്നുപന്തലിച്ചു. വിപണിയില്‍ പുതിയൊരു പുസ്തകം ഇറങ്ങിയാല്‍ അത് എങ്ങനെയെങ്കിലും സ്വന്തമാക്കുക എന്നത് രാജന്റെ ഒരു ശീലമാണ്.
അങ്ങനെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളാണ് ഇന്ന് രാജന്റെ വീട്ടിലെ ആയിരത്തിലധികം വരുന്ന വലിയ ശേഖരമായി മാറിയത്. ‘അതിസുന്ദരമായ ആന്തരികയാത്രയല്ലേ വായന. അനന്തമായ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളാണ് ഓരോ പുസ്തകങ്ങളും തുറന്നുനല്‍കുന്നതെന്ന് നങ്ങേലിപ്പടി ഐശ്വര്യ കലാകേന്ദ്രം ഗ്രന്ഥശാലാധികാരികൂടിയായ രാജന്‍ വായനയെക്കുറിച്ച് പറഞ്ഞു.
ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുള്ള രാജന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. നങ്ങേലില്‍ ആയുര്‍വേദ ആശുപത്രിയിലെ തെറാപ്പിസ്റ്റായ നിര്‍മലയാണ് ഭാര്യ. ബിസിനസ്സുകാരനായ ബ്രൂസ് കെ. രാജന്‍, നൃത്താധ്യാപികയായ ഡെസ്റ്റിമോള്‍ കെ. രാജന്‍ എന്നിവര്‍ മക്കളാണ്. ജോലിയുടെ തിരക്കുകള്‍ക്കിടയിലും വായനയെയും പുസ്തകങ്ങളെയും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന രാജന്‍ നാട്ടുകാര്‍ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ മാതൃകയാണ്.




















































