കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിലെ വന്യമൃഗ ശല്യം, കാട്ടാന ആക്രമണം, കൃഷിനാശം, മനുഷ്യ-വന്യജീവി സംഘർഷം, നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം, വനാതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, ആലുവ–മൂന്നാർ രാജപാത ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ജനപ്രതിനിധികളും കർഷക സംഘടനാ പ്രതിനിധികളും പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനാതിർത്തി മേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനും സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എം എൽ എ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനയുടെ നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ആലുവ–മൂന്നാർ രാജപാത സംബന്ധിച്ച കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ന് സ്ഥല സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.




















































