കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്, ഗ്ലാസ് പാത്രങ്ങളിൽ അലങ്കാര മത്‍സ്യങ്ങളുടെ ഒരു നിര തന്നെ വീടുകളിൽ സ്ഥാപിച്ചു. ചിലർ കുറേ കാലങ്ങളായി വീട്ടിലുള്ള സുന്ദര മത്‍സ്യങ്ങളിൽ കുറച്ച് കൂട്ടുകാർക്കും , അയൽപക്കങ്ങളിലും മറ്റും സ്നേഹപൂർവ്വം പലപ്പോഴും നൽകാറുമുണ്ട്. മറ്റു ചിലരാകട്ടെ കുഞ്ഞു മത്‍സ്യങ്ങൾ ഒരു ജീവിത മാർഗമായി കച്ചവടം ചെയ്യാറുമുണ്ട്.
ഏകദേശം ഒരു മാസത്തിലേറെയായി കോതമംഗലത്തു നിന്നും പുന്നെക്കാട് പോകുന്ന വഴിയിൽ ഊഞ്ഞാപ്പാറ കവല കഴിഞ്ഞു അടച്ചിട്ടിരിക്കുന്ന നിർമ്മൽ മിൽക്ക് കെട്ടിടത്തിനു എതിർവശത്തായുള്ള റോഡരികിലെ സ്വന്തം വീടിനു മുൻവശം കുഞ്ഞു ഗപ്പിയും, മോളിയും, ഫൈറ്ററും, ഗോൾഡ് ഫിഷും,തുടങ്ങിയ അലങ്കാര മത്‍സ്യ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന ഒരു കുട്ടിയെ കാണാം.
കീരംപാറ സെന്റ്. സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ആകാശ് എന്ന കൊച്ചു മിടുക്കൻ, ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ തന്നെയിരിക്കേണ്ട അവസ്ഥയുണ്ടായപ്പോഴാണ്, തനിക്ക് പ്രിയപെട്ട അലങ്കാര മത്‍സ്യങ്ങൾ വീടിന്റെ മുൻപിൽ ഒരു പ്ലാസ്റ്റിക് ടേബിൾ ഇട്ട്,അതിൽ പലവിധ രൂപത്തിലുള്ള ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി വിൽപ്പനക്ക് വച്ചത്. കുറെയേറെ വർഷങ്ങളായി കീരംപാറ കവലയിൽ ‘വൈഗ’ എന്ന കച്ചവട സ്ഥാപനം നടത്തുന്ന അച്ഛൻ സത്യനും, അമ്മ ബിന്ദുവും തന്ന പ്രോത്സാഹനവും, ബിരുദ പഠനധാരിയായ ചേട്ടൻ അക്ഷയിന്റെ സഹായ സഹകരണങ്ങളുമായപ്പോൾ ആകാശ് സന്തോഷത്തോടെ തന്റെ അലങ്കാര മത്‍സ്യ കച്ചവടം ആരംഭിച്ചു.
കുഞ്ഞു മീനുകൾ മാത്രമല്ല, മീനിനു നൽകുന്ന വിവിധ തരം തീറ്റകൾ, മീനുകൾ ഇട്ട് വയ്ക്കുവാൻ പറ്റുന്ന ചെറിയ പാത്രങ്ങൾ തുടങ്ങി വിവിധ സാധനങ്ങൾ ആകാശ് ഇതിനൊടൊപ്പം വിൽപ്പന നടത്തുന്നുണ്ട്. തന്റെ ഓൺലൈൻ പഠന ശേഷം എല്ലാദിവസവും ഉച്ചക്ക് രണ്ടു മണി മുതൽ വൈകുന്നേരം ഏഴുമണി വരെ വീടിനു മുൻപിലെ കുഞ്ഞു മാവിൻ തണലിൽ വിവിധ നിറങ്ങളിലുള്ള മീനുകളുമായി ആകാശിനെ കാണാം.’കളർ ഗപ്പി വിൽപ്പനക്ക്’ എന്നെഴുതി ഫോൺ നമ്പർ ഉൾപ്പെടുത്തിയ ഒരു ബാനർ വീടിനു മുൻപിൽ തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.
അലങ്കാര മത്‍സ്യങ്ങളുടെ വിൽപ്പനയും, അവയെ വിൽപ്പനക്കായി തയ്യാറാക്കി, വിവിധ ആകൃതിയിലുള്ള പാത്രങ്ങളിലും മറ്റും വയ്ക്കുന്നതുമെല്ലാം ആകാശ് തനിയെ യാണ്.തരക്കേടില്ലാത്തൊരു വരുമാനം ഈ കച്ചവടത്തിലൂടെ നേടാനായിയെന്ന് ആകാശ് അഭിപ്രായപെട്ടു. കച്ചവടത്തിൽ പണ്ടേ താല്പര്യമുള്ള ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആകാശ്, ഒരു മാസത്തിലേറെയായി തുടർന്നു പോരുന്ന അലങ്കാര മത്‍സ്യങ്ങളുടെ ഈ കച്ചവടം ശരിക്കും അഭിനന്തനാർഹമാണ്. ‘നിനക്കിതിന്റെ വല്ല അവശ്യവുമുണ്ടോ ‘എന്ന ചിലരുടെ ചോദ്യത്തെ ചിരിച്ചു കൊണ്ട് നേരിട്ട് ദിവസവും വൈകുന്നേരം ആകാശ് ശ്രദ്ധയോടെ തന്റെ കച്ചവടം മുന്നോട്ട് കൊണ്ടുപോകുന്നു.
കുറെയേറെ കുട്ടികൾ ഓൺലൈൻ പഠനശേഷം മൊബൈൽ, ടെലിവിഷൻ ചാനലുകൾ എന്നിവക്ക് മുന്നിൽ സമയം കളയുന്ന ഈ കാലഘട്ടത്തിൽ തനിക്കേറെ ഇഷ്ടമുള്ള ഗപ്പിയും മറ്റു സുന്ദരന്മാരും, സുന്ദരിമാരുമായ കുഞ്ഞു മീനുകളെ നല്ല രീതിയിൽ കച്ചവടം ചെയ്യുന്ന ആകാശ് എന്ന മിടുക്കൻ വിദ്യാർത്ഥിക്ക് ആശംസകൾ നേരാം.