കോതമംഗലം: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന് ലോകത്തെ തൊഴിലാളികൾ മെയ്ദിനമായി ആചരിച്ചു. കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എച്ച്.എം.എസ്.തൊഴിലാളി ദിനം ആചരിച്ചു. ആഘോഷ പരിപാടികൾ ഒഴിവാക്കി പതാകകൾ മാത്രം കൊടിമരങ്ങളിൽ കയറ്റി മെയ്ദിന സന്ദേശം നൽകുകയാണ് ഉണ്ടായത്. കോതമംഗലം നഗരത്തിൽ മുനിസിപ്പൽ ആഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി പതാകയുയർത്തി മെയ്ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.കെ. സുബാഷ് അദ്ധ്യക്ഷനായി. വാവച്ചൻ തോപ്പിൽകുടി, ജനകൻ ഗോപിനാഥ്, തോമസ് കാവുംപുറം തുടങ്ങിയവർ സംബന്ധിച്ചു.